
മൈസൂരു കോൺക്രീറ്റ് കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ച് മതിൽ നിർമിച്ചു മാതൃകയായി മൈസൂരു സിറ്റി കോർപറേഷൻ. ബന്നിമണ്ഡപ് ഹൈവേ സർക്കിളിലെ തകർന്ന മതിലിനു പകരമാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിച്ച് മതിൽ പുനർനിർമിച്ചത്. കെട്ടിടം പൊളിച്ചപ്പോൾ ബാക്കിയായ കരിങ്കല്ലുകൾ, കോൺക്രീറ്റ് സ്ലാബുകൾ, ഹോളോബ്രിക്സ് എന്നിവ ഉപയോഗിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ മതിൽ നിർമിച്ചത്. 10 ലോഡ് അവശിഷ്ടങ്ങളാണ് ഇതിനായി എത്തിച്ചത്.
ആദ്യം 4 ലക്ഷം രൂപ നിർമാണ ചെലവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് കെട്ടിട അവശിഷ്ടങ്ങൾ ഉപയോഗിച്ച് മതിൽ നിർമിച്ചതോടെ ചെലവ് 2 ലക്ഷത്തിലൊതുങ്ങിയതായി എംസിസി കമ്മിഷണർ ജി.ലക്ഷ്മികാന്ത് റെഡി പറഞ്ഞു. ആർ ലീഫ് ഇൻഡസ്ട്രീസാണു കരാർ ഏറ്റെടുത്ത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന കെട്ടിട അവശിഷ്ടങ്ങൾ പുനരുപയോഗിക്കുന്നതിനു പ്രോത്സാഹനം നൽകുമെന്നു എംസിസി മേയർ സുനന്ദ പാലന്റേത് പറഞ്ഞു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനായി സ്ഥലം അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്നും മേയർ പറഞ്ഞു.