ബെംഗളൂരു: കന്നഡ സംഘടനകൾ നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ബന്ദ് പിൻവലിച്ചതായി കന്നഡ സംഘടന നേതാവ് വട്ടാൽ നാഗരാജ് അറിയിച്ചു. കന്നഡ സംഘടന നേതാക്കളായ വട്ടാൽ നാഗരാജ്, പ്രവീൺ ഷെട്ടി തുടങ്ങിയവർ മുഖ്യമന്ത്രിയുമായി നടത്തിയ യോഗത്തിന് ശേഷമാണ് പിൻവലിക്കാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
ബന്ദിൽ നിന്നും പിന്മാറണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ രണ്ട് തവണ ബന്ധപ്പെട്ടെന്നും പുതുവത്സരത്തോടനുബന്ധിച്ച് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചുമാണ് ബന്ദിൽ നിന്നും പിന്മാറുന്നതെന്നും വട്ടാൽ നാഗരാജ് ബെംഗളൂരുവിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.
ബെളഗാവിയിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മറാത്ത സംഘടനയായ മഹാരാഷ്ട്ര ഏകീകരൺ സമിതി (എം.ഇ.എസ്) യുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കന്നഡ സംഘടനകൾ ഡിസംബർ 31 ന് ബന്ദ് പ്രഖ്യാപിച്ചത്. പുതുവർഷാഘോഷങ്ങളെ സാരമായി ബാധിക്കുന്ന തരത്തിൽ ബന്ദ് പ്രഖ്യാപിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.