ചെന്നൈ • ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ പുതുവർഷാഘോഷത്തിനു സിറ്റി പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നാളെ പുതുവർഷ ആഘോഷത്തിനായി ബീച്ചുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടരുതെന്നും റിസോർട്ടുകൾ, ഫാം ഹൗസുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെ പരിപാടി അനുവദിക്കരുതെന്നും ചെന്നൈ സിറ്റി പൊലീസ് അറിയിച്ചു.
നാളെ രാത്രി 9 മണി മുതൽ, മറീന, എലിയറ്റ്സ്, മറ്റ് ബീച്ചുകൾ എന്നിവയ്ക്കു സമീപമുള്ള പാതകളിൽ വാഹന ഗതാഗതം നിരോധിക്കും. ബീച്ചുകൾക്ക് സമീപമുള്ള കാമരാജർ ശാലൈ, ആർകെ ശാലൈ, രാജാജി ശാലൈ, അണ്ണാശാലൈ തുടങ്ങിയ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ട് ആഘോഷം പാടില്ലെന്നും പൊലീസ് അറിയിച്ചു. അപ്പാർട്മെന്റ് സമുച്ചയങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങൾ അനുവദനീയമല്ല. നാളെ രാത്രി 11 മണി വരെ ഹോട്ടലുകൾക്ക് പ്രവർത്തിക്കാമെന്നും നിർദേശത്തിൽ പറയുന്നു. ഹോട്ടൽ മാനേജ്മെന്റുകൾ ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിനേഷൻ ഉറപ്പാക്കണം. ആരാധനാലയങ്ങളുടെ ചുമതലയുള്ളവർ കോവിഡ് മാനദണ്ഡം പാലിക്കണം.