ചെന്നൈ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അധ്യാപകർക്കും പൊങ്കൽ സമ്മാനമായി സർക്കാർ 14% ക്ഷാമബത്ത വർധിപ്പിച്ചു. 17 ശതമാനത്തിൽ നിന്നു 31 ശതമാനമായാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വർധന പ്രാബല്യത്തിലാകും. കുടുംബ പെൻഷൻകാർക്കും ആനുകൂല്യം ലഭിക്കും.പൊങ്കൽ സമ്മാനമായി 3,000 രൂപയും സർക്കാർ പ്രഖ്യാപിച്ചു. സി, ഡി വിഭാഗക്കാർക്കാണ് ഇതു ലഭിക്കുക.
സ്പെഷൽ പേ വിഭാഗത്തിൽ ശമ്പളം വാങ്ങുന്നവർക്ക് 1,000 രൂപയും പെൻഷൻകാർക്ക് 500 രൂപയും ലഭിക്കും. ഡിഎ വർധനയിലൂടെ സർക്കാർ ഖജനാവിനു 8,724 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ ക്ഷാമബത്ത വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാർ തീരുമാനം 16 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണകരമാകും.