ഹേഗ്: മനുഷ്യ ശരീരത്തില്‍ പുതിയൊരു ‘അവയവം’ കൂടി കണ്ടെത്തി. താടിയെല്ലിനോട് ചേര്‍ന്ന പുതിയ പേശി പാളിയെയാണ് സ്വിസ് ഗവേഷകര്‍ കണ്ടെത്തിയത്. അന്നല്‍സ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കവിളിലെ പ്രധാനപ്പെട്ട മസെറ്റര്‍ പേശിയിലാണ് പുതിയ പാളിയുള്ളത്. ആഹാരം ചവയ്ക്കുമ്ബോള്‍ കവിളില്‍ വലിഞ്ഞുമുറുകുന്ന പേശിയാണ് മസെറ്റര്‍. ഇതുവരെ രണ്ടുപാളിയാണ് ഈ പേശിക്കുണ്ടായിരുന്നത് എന്നാണ് കരുതിയത്.
എന്നാല്‍, മൂന്നാമതൊരു പാളികൂടി മസെറ്റര്‍ പേശിയുടെ ഉള്ളിലുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ‘മസ്കുലസ് മസെറ്റര്‍ പാര്‍സ് കറോണിഡിയ’ എന്നാണ് പുതിയ പേശിക്ക് പേരിട്ടത്. ശാസ്ത്രപഠനങ്ങള്‍ക്കായി ശരീരം വിട്ടുനല്‍കിയവരുടെ മൃതദേഹങ്ങളിലാണ് ഇതിനായി പഠനം നടത്തിയത്. ഫോര്‍മാല്‍ഡിഹൈഡ് ലായനിയില്‍ സംരക്ഷിച്ച 12 മൃതദേഹങ്ങളുടെ തലയും 16 പുതിയ ശവശരീരങ്ങളുടെ സി.ടി സ്കാനും ജീവനുള്ള മനുഷ്യരുടെ എം.ആര്.ഐ സ്കാനും ഇതിനായി പരിശോധിച്ചു. കമ്ബ്യൂട്ടര്‍ ടോമോഗ്രഫിക് സ്കാനുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. ഫലം ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു ഗവേഷണ സംഘത്തിലെ ബാസല്‍ സര്‍വകലാശാല പ്രഫ. ജെന്‍സ് ക്രിസ്റ്റോഫ് അഭിപ്രായപ്പെട്ടത്. താടിയെല്ലിനെ ഉറപ്പിച്ച് നിര്‍ത്താനും താടിയുടെ താഴ്ഭാഗത്തെ ചെവിയുടെ ഭാഗത്തേക്ക് വലിക്കുന്നതിനു പിന്നിലും ഈ പേശിയാണെന്നും കണ്ടെത്തി.
മസെറ്റര്‍ പേശിയിലെ പാളികളെ കുറിച്ച് ഏറെ കാലമായി പഠനങ്ങള്‍ നടക്കുന്നുണ്ട്. 1995ല്‍ പുറത്തിറങ്ങിയ ഗ്രേസ് അനാട്ടമിയില്‍ മസെറ്റര്‍ പേശിയില്‍ മൂന്ന് പാളികളുണ്ടെന്ന് വിശദീകരിക്കുന്നുണ്ട്. എന്നാല്‍, മറ്റു ജീവികളുടെ താടിയിലെ പേശികളെ അടിസ്ഥാനമാക്കിയായിരുന്നു ഇത്.