ബംഗളുരു: ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, ഈ വർഷം എംജി റോഡിലും ബ്രിഗേഡ് റോഡിലും പുതുവത്സര ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് ബെംഗളൂരു പോലീസ് ശനിയാഴ്ച അറിയിച്ചു. കൊവിഡ്-19ന്റെ പേരിൽ കഴിഞ്ഞ വർഷവും ഈ സ്ഥലങ്ങളിൽ ആഘോഷങ്ങൾ നടത്തിയിരുന്നില്ല.
പുതുവത്സരം ആഘോഷിക്കാൻ പൊതുപരിപാടികളൊന്നും ഉണ്ടാകില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ശനിയാഴ്ച പറഞ്ഞു. മുൻകൂർ ബുക്കിംഗ് ഉള്ള ആളുകൾക്ക് പബ്ബുകൾ, ഹോട്ടൽ, ക്ലബ്ബുകൾ എന്നിവ സന്ദർശിക്കാൻ അനുവദിക്കും. എംജി റോഡിലും ബ്രിഗേഡ് റോഡിലും പൊതുയോഗങ്ങൾ അനുവദിക്കില്ല.
പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലീസ് യോഗം ചേർന്നു.
ഡിസംബർ 30 മുതൽ മൂന്ന് ദിവസത്തേക്ക് നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നെങ്കിലും, ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഒമൈക്രോൺ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തണമോയെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് ബൊമ്മൈ പറഞ്ഞു.