നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പഴങ്ങള്‍ കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്. പഴങ്ങളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും മലബന്ധം അകറ്റാനുമെല്ലാം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ആപ്പിളില്‍ ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നാരുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കുന്ന പഴമാണ് ആപ്പിള്‍. സാലഡ് ആയോ സ്മൂത്തി ആയിട്ടൊക്കെ ആപ്പിള്‍ കഴിക്കാവുന്നതാണ്. ഓറഞ്ചിലെ വിറ്റാമിന്‍ സി ശരീരത്തെ പല വിധത്തില്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ എ, കരോട്ടിനോയിഡുകള്‍, ഫ്ലേവനോയ്ഡുകള്‍, ധാരാളം ധാതുക്കള്‍ എന്നിവ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് മൊത്തത്തിലുള്ള ഗുണം നല്‍കുകയും ചെയ്യുന്നു.
കുറഞ്ഞ അളവിലുള്ള കലോറിയും ഉയര്‍ന്ന അളവിലുള്ള ജലാംശവും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മികച്ച പഴമാണ്. ഒരു കിവിയില്‍ ഏകദേശം 42 കലോറിയും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് പ്രമേഹമുള്ളവര്‍ കഴിക്കാവുന്ന ഒരു പഴം കൂടിയാണിത്. പോഷകഗുണമുള്ളതും ലയിക്കുന്ന ഫൈബര്‍, പെക്റ്റിന്‍, പ്രതിരോധശേഷിയുള്ള അന്നജം എന്നിവ അടങ്ങിയിട്ടുള്ളതുമായ വാഴപ്പഴം വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. വാഴപ്പഴത്തില്‍ നാരുകള്‍ വളരെ കൂടുതലാണ്. അതിനാല്‍ മലബന്ധം പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും വാഴപ്പഴം സഹായിക്കുന്നു.