
ബെംഗളൂരു: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന തിരുപ്പിറവിയെ അനുസ്മരിച്ച് നഗരം ക്രിസ്മസ് ആഘോഷത്തിലും പ്രാർഥനകളിലും മുഴുകി. പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങളോടെയാണ് പിറവി തിരുക്കർമ്മങ്ങൾ നടത്തിയത്. ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്കയിൽ ഇന്നലെ വൈകിട്ട് നടന്ന പിറവി ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് ഡോ.പീറ്റർ മച്ചാഡോ മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്മസ് കാരൾ മത്സരങ്ങളും മറ്റും ഓൺലൈനായാണ് സംഘടിപ്പിച്ചത്.
പള്ളികളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കൂട്ടായ്മ തെളിയിക്കുന്നതായിരുന്നു ക്രിസ്മസ് ആഘോഷങ്ങൾ. അനാഥാലയങ്ങളിലും, വയോജന മന്ദിരങ്ങളിലും, വീടുകളിൽ കിടപ്പിലായ രോഗികൾക്കൊപ്പവും കാരൾ പാടിയും കൈനിറയെ സമ്മാനം കൈമാറിയുമായിരുന്നു പല ആഘോഷങ്ങളും. മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും പുതുവർഷം വരെ തുടരുന്ന ആഘോഷ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഷോപ്പിങ് ഇളവുകൾക്ക് പുറമെ സമ്മാനപദ്ധതികളും ധാരാളമുണ്ട്.