ന്യൂഡല്‍ഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യയുടെ സംഗീതസ്പര്‍ശം നല്‍കാനുള്ള ഒരുക്കങ്ങളുമായി വ്യോമയാന വകുപ്പ് രംഗത്ത്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ എന്ന സംഘട നയുടെ അഭ്യര്‍ത്ഥനയാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരിട്ട് അതിനുള്ള സംവിധാനം ചെയ്യുമെന്ന ഉറപ്പുനല്‍കിയതായി സംഘടനാ പ്രതിനിധി വിനയ് സഹസ്രബുദ്ധേ പറഞ്ഞു.
വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ തനത് സംഗീതമാണ് കേള്‍പ്പിക്കേണ്ടത് .പലപ്പോഴും പാശ്ചാത്യ സംഗീതങ്ങളും സിനിമാ ഗാനങ്ങളുമാണ് വിമാനതാവളങ്ങളില്‍ നിറയുന്നത്. എന്നാല്‍ അന്താരാഷ്‌ട്രസമൂഹം കടന്നുപോകുന്ന വിമാനത്താവളങ്ങളില്‍ പ്രതിഫലിക്കേണ്ടത് ഇന്ത്യന്‍ തനത് സംസ്‌കാരവും സംഗീതവുമാണ്. അത് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ മാദ്ധ്യമം സംഗീതമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ പ്രതിനിധി വിനയ് സഹസ്രബുദ്ധേ പറഞ്ഞു. സംഘടനാ പ്രതിനിധികളായ പ്രശസ്ത ഗായകന്‍ അനു മാലിക്, റീത്താ ഗാംഗുലി, സഞ്ജയ് അഭയങ്കര്‍, മാലിനി അശ്വതി തുടങ്ങിയ കലാകാരന്മാര്‍ യോഗത്തില്‍ സംബന്ധിച്ചു.