സ്നേഹം നിറഞ്ഞ ഒരു മനസ്സുണ്ടെങ്കിൽ പ്രണയത്തിന് ഭാഷയോ മതമോ ദേശമോ പ്രശ്നമല്ലെന്ന് തെളിയിച്ചുകൊണ്ട് ലോകത്തിന്റെ രണ്ടറ്റത്തുള്ളവർ തമ്മിൽ വിവാഹിതരായിരിക്കുകയാണ്. കർണാടകയിൽ (Karnataka) നിന്നുള്ള പ്രദീപ് ഖന്ദനവറും (Pradeep Khandanavar) വിയറ്റ്നാമിൽ (Vietnam) നിന്നുള്ള ക്വയ്ന് ത്സാങ്ങും (Quynh Tsang) ആണ് ഒരുമിച്ചുള്ള ജീവിതത്തിനായി കൈകോർത്തത്. കർണ്ണാടകയിലെ ഹവെരിയിലെ (Haveri) ഗ്രാമത്തിൽ വച്ച് വിവാഹിതരായ ഇരുവരും ഇപ്പോൾ തങ്ങളുടെ പ്രണയം സാക്ഷാത്കരിക്കപ്പെട്ടതിന്റെസന്തോഷത്തിലാണ്.
വിയറ്റ്നാമിൽ യോഗ ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്ന പ്രദീപ് നാലു വർഷം മുമ്പാണ് അവിടെ വെച്ച് ക്വയ്നിനെ കണ്ടുമുട്ടിയത്. ഇരുവരുടെയും പ്രണയകഥ അവിടെ ആരംഭിച്ചു. ആദ്യം സഹപ്രവർത്തകരായി ജോലി ചെയ്ത അവർ പിന്നീട് സുഹൃത്തുക്കളായി മാറി. ക്രമേണ അവരുടെ ബന്ധം പ്രണയത്തിലേക്ക് നീണ്ടു. ഇപ്പോഴിതാ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം പൂർത്തീകരിക്കാൻ ഇരുവരും ഭാര്യാഭർത്താക്കന്മാരായി മാറിയിരിക്കുന്നു.
കഴിഞ്ഞ എട്ടു വർഷമായി പ്രദീപ് വിയറ്റ്നാമിൽ ജോലി ചെയ്യുകയാണ്. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളിൽ ജീവിച്ചുവന്ന ആളുകളായിട്ടും ഇരുവർക്കും തങ്ങളുടെ കുടുംബങ്ങളിൽ നിന്ന് ഒരു എതിർപ്പും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. പരസ്പരം സ്നേഹിക്കാൻ തുടങ്ങിയപ്പോൾ അക്കാര്യം അവർ മാതാപിതാക്കളെ അറിയിച്ചു. ഇരു കുടുംബങ്ങളും അവരുടെ സ്നേഹത്തിന്സമ്മതം മൂളുകയും ഉടനടി വിവാഹ തീയതി നിശ്ചയിക്കുകയും ചെയ്തു.
വിവാഹത്തിന്വേണ്ടി ഹവെരി ജില്ലയിലെ രാമതീർത്ഥ ഹോസകൊപ്പ എന്ന ഗ്രാമത്തിലേക്ക് ക്വയ്ൻ സാങ് വരികയുംകർണാടകയിലെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് വിവാഹമണ്ഡപത്തിൽ എത്തുകയും ചെയ്തു. യാത്രാ നിയന്ത്രണങ്ങൾ കാരണം ക്വയ്ൻ സാങിന്റെ കുടുംബത്തിന് കല്യാണത്തിൽ പങ്കു ചേരാൻ കഴിഞ്ഞില്ല. പക്ഷേ അവർ വീഡിയോ കോൾ വഴി നവദമ്പതികളെ അനുഗ്രഹിച്ചു. വധുവിനെ വരന്റെ കുടുംബം ഇരുകൈയുംനീട്ടി സ്വീകരിച്ചു.
“ഞങ്ങൾ പ്രണയത്തിലായിരുന്നു. എങ്കിലും വിവാഹം കഴിക്കാനായി എന്റെ ഗ്രാമത്തിലേക്ക് വരാൻ അവൾ സമ്മതിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ലായിരുന്നു. അക്കാര്യം ചോദിച്ചപ്പോൾ അവൾ പെട്ടെന്ന് തന്നെ സമ്മതം മൂളുകയായിരുന്നു. അവളുടെ മാതാപിതാക്കളും സമ്മതിച്ചു. എല്ലാം വളരെ നന്നായി നടന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇപ്പോൾ അവൾ കന്നഡ പഠിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത തവണ ഞങ്ങൾ വരുമ്പോൾ അവൾ എന്റെ കുടുംബത്തോട് ഒരുപക്ഷേ കന്നഡയിലാവും സംസാരിക്കുക”, പ്രദീപ് പറഞ്ഞു.
“അവൾ നല്ലൊരു പെൺകുട്ടിയാണ്. എന്റെ മകൻ ഈ ബന്ധത്തിൽ വളരെയധികം സന്തുഷ്ടനാണ്. മക്കൾ സന്തുഷ്ടരാണെങ്കിൽ, എല്ലാ രക്ഷിതാക്കളും അതിൽ സന്തോഷിക്കും. ഞങ്ങൾക്ക് അവളുടെ പേര് ശരിയായി ഉച്ചരിക്കാൻ കഴിയുന്നില്ല. സ്നേഹം എന്നർത്ഥം വരുന്ന പ്രീതി എന്ന പേരിലാണ് ഇപ്പോൾ ഞങ്ങൾ അവളെ വിളിക്കുന്നത്. വിവാഹംനന്നായി നടന്നു”. പ്രദീപിന്റെ മാതാപിതാക്കൾ പറഞ്ഞു.ദമ്പതികൾ വൈകാതെവിയറ്റ്നാമിലേക്ക് മടങ്ങും.