ബെംഗളൂരു: മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ (എം.ഇ എസ്) പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മ ഡിസംബർ 31 ന് കർണാടക ബന്ദ് പ്രഖ്യാപിച്ചു.
കർണാടക രക്ഷണ വേദികെ നേതാവായ വാട്ടാൽ നാഗരാജാണ് ഇന്ന് ബെംഗളൂരുവിൽ വെച്ച് മാധ്യമ പ്രവർത്തകരെ ഇക്കാര്യമറിയിച്ചത്. ഡിസംബർ 31 ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്ത് കന്നഡിഗരും മറാത്തക്കാരും തമ്മിലുള്ള ബന്ധം വഷളാക്കുകയും സംസ്ഥാനത്തെ സംഘർഷാവസ്ഥയിലേക്കു നയിക്കുകയുമായിരുന്നു എം.ഇ എസ് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തതെന്നും എം.ഇ.എസിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിരോധിക്കാനാണ് ബന്ദ് ആചരിക്കുന്നതെന്നും വാട്ടാൽ നാഗരാജ് പറഞ്ഞു. എം.ഇ.എസിനെ ഡിസംബർ 29 നകം നിരോധിക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനമൊട്ടുക്കും ബന്ദ് ആചരിക്കുമെന്നും വട്ടാൽ നാഗരാജ് പറഞ്ഞു. ഇത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. അതു കൊണ്ടു തന്നെ ബന്ദിനെ ആരും തന്നെ എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ കന്നഡ സംഘടനകൾ ബന്ദിന് ഇതിനോടകം പിന്തുണ അറിയിച്ചതായി കർണാടക രക്ഷണ വേദികെ പ്രസിഡണ്ട് നാരായണ ഗൗഡ പറഞ്ഞു.
കർണാടക മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെളഗാവി ജില്ലയിലെ ചില പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്നാണ് എം.ഇ.എസിന്റെ ആവശ്യം. ഇതിനായി വർഷങ്ങളായി സമരങ്ങളും പ്രതിഷേധ പരിപാടികളും എം.ഇ.എസ് ബെളഗാവിയിൽ നടത്തിവരികയാണ്. എന്നാൽ ബൈളഗാവി കർണ്ണാടകത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് കന്നഡ സംഘടനകളുടെ നിലപാട്. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ ഡിസംബർ 13 മുതൽ നടക്കുകയാണ്. ഇതോടെയാണ് എം.ഇ.എസ് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടുവന്നത്.