പൊലീസ് കസ്റ്റഡിയിൽ മുസ്ലിം യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു മർദിച്ച് മൂത്രം കുടിപ്പിച്ചതിനു ബയട്രായനപുര എസ്ഐ ഹരീഷിനു സസ്പെൻഷൻ.അവശനായ താൻ വെള്ളം ആവശ്യപ്പെട്ടപ്പോഴാണ് മൂത്രം കുടിപ്പിച്ചതെന്ന് തൗസീഫ് പാഷ (23)യുടെ പരാതിയിലുണ്ട്. പൊലീസ് സ്റ്റേഷൻ മതകേന്ദ്രമല്ലെന്നു പറഞ്ഞ് യുവാവിന്റെ നീണ്ട താടി മുറിച്ച പൊലീസ് തുടർന്ന് അവിടം ശുചിയാക്കാനും നിർബന്ധിച്ചു.
കേസെടുക്കാതെയാണ് ഇയാളെ കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തതെന്ന് ബെംഗളൂരു വെസ്റ്റ് ഡിസിപി സജീവ് എം പാട്ടീൽ പറഞ്ഞു.അയൽക്കാരനുമായി വഴക്കുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തൗസീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.തുടർന്ന് ഇയാളെ വിട്ടയയ്ക്കാൻ പിതാവ് അസ്ലം പാഷയോടു പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാൻ ഇടപെട്ടതിനെ തുടർന്നാണ് വിട്ടയയ്ക്കാൻ തയാറായത്.