ബെംഗളുരു • സ്കൂളുകൾ പൂർണതോതിൽ തുറന്ന ശേഷം സംസ്ഥാനത്ത് 1-10 ക്ലാസുകളിലെ 130 വിദ്യാർഥികൾക്കു കോവിഡ് സ്ഥീരികരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിൽ 92 കേസുകളും ചിക്കമഗളൂരുവിലാണ്. റസിഡൻഷ്യൽ സ്കൂളുകളിലാണ് ഏറ്റവുമധികം പേർ പോസിറ്റീവ് ആയത്. ചില സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകളും രൂപപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.
ഒരു കുട്ടിക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ സമ്പർക്കത്തിൽ വന്ന എല്ലാവരെയും കണ്ടെത്തി പരിശോധിക്കാൻ സ്കൂളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ അടയ്ക്കുന്നതിനെക്കുറിച്ച് തീരുമാന മെടുക്കാൻ സ്ഥിതിഗതികൾ നീരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോൺ ഭീതിയെ തുടർന്നു സ്കൂളുകളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. രക്ഷിതാക്കൾ 2 ഡോസ് വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന നിലവിൽ വന്നതും ഹാജർനില കുറയാൻ കാരണം.