Home covid19 പുതിയ കോവിഡ് മാനദണ്ഡങ്ങൾ : കർണാടക കടുപ്പിക്കുന്നു – വിശദമായി വായിക്കാം

പുതിയ കോവിഡ് മാനദണ്ഡങ്ങൾ : കർണാടക കടുപ്പിക്കുന്നു – വിശദമായി വായിക്കാം

ബെംഗളൂരു: രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി കര്‍ണാടക. ഇതിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

• പൂർണ്ണമായും വാക്സിൻ എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവേശിപ്പിക്കൂ.

• വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും നിജപ്പെടുത്തി.

• ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സർക്കാർ മാറ്റിവെച്ചു.

• വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഫ്ലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം

• സ്കൂളിലെ അധ്യാപകർ പ്രിൻസിപ്പൽ ഓഫീസ് സ്റ്റാഫ് എന്നിവരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം

അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി രാജ്യം വിട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് കോവിഡ് പരിശോധന റിപ്പോര്‍ട്ടുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഒന്ന് പോസിറ്റീവും ഒന്ന് നെഗറ്റീവും.ഇത് സംശയം ഉളവാക്കുന്നതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയശേഷം വിലാസം ലഭ്യമല്ലാത്ത യാത്രക്കാരെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അവരെ കണ്ടെത്തുമെന്നും റവന്യൂമന്ത്രി ആര്‍. അശോക പറഞ്ഞു

വാർത്തകൾ വിശദമായി

ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയ്ക്ക് പുറത്ത് ദില്ലിയിലും മുംബൈയിലുമായി ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയ പതിനഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായെന്ന ആരോപണം ആരോഗ്യമന്ത്രി ഇന്ന് ലോക്സഭയിൽ നിഷേധിച്ചു. ഒമിക്രോൺ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 24 പേർ. അവരുമായി സമ്പർക്കത്തിലേർപ്പെട്ടത് 204 പേർ. നാൽപത്തിയാറുകാരനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 13 പേർ. ഇവരുമായി 205 പേർ സമ്പർക്കത്തിലേർപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം.

ദില്ലി വിമാനത്താവളത്തിലെത്തിയ 6 പേർക്കും മുംബൈയിലത്തിയ 9 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ച സാമ്പിളുകളുടെ ജനിതക ശ്രേണീകരണ ഫലം കൂടി പുറത്ത് വരാനുണ്ട്. ഇത്രയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടക്കുമ്പോൾ നാൽപതോളം സാമ്പിളുകളുടെ ഫലം അടുത്ത ഘട്ടം പുറത്ത് വന്നേക്കുമെന്നാണ് അറിയുന്നത്. മുൻകരുതലുകൾ ശക്തമാക്കിയെന്ന് സർക്കാർ ഇന്ന് ലോക് സഭയിൽ ആവർത്തിച്ചു. സമാന അവകാശവാദം മുൻപ് ഉന്നയിച്ചെങ്കിലും രണ്ടാം തരംഗത്തിൽ നേരിട്ട ഓക്സിജൻ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി വീഴ്ച ആവർത്തിക്കാൻ പാടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.എന്നാൽ ഓക്സിജൻ പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമായിരുന്നുവെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു.

19 സംസ്ഥാനങ്ങളോട് വിശദാംശങ്ങൽ തേടിയതിൽ പഞ്ചാബ് മാത്രമാണ് നാല് മരണത്തിൽ സംശയം പ്രകടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക് സഭയെ അറിയിച്ചു.അതേ സമയം തീവ്രവ്യാപനശേഷി ഒമിക്രോൺ വൈറസിനുണ്ടെന്ന് പറയുമ്പോഴും മുൻ വകഭേദങ്ങളെ പോലെ രോഗബാധ തീവ്രമായേക്കില്ലെന്നാണ് ആരോഗ്യ മന്ത്രലായം വിലയിരുത്തുന്നത്. ഇന്ത്യയിൽ വച്ച് ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് കാലതാമസമെടുക്കാതെ രോഗം ഭേദമായത് ആശ്വാസ വാർത്തയായാണ് കേന്ദ്രം കാണുന്നത്. ഒമിക്രോൺ ബാധയിൽ രുചിയും മണവും നഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്നും ചില ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞമാസം യുകെയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളവും ഒമിക്രോൺ ഭീഷണിയിലാണ്. ഇയാളുടെ സാമ്പിൾ ജനതികശ്രേണീ പരിശോധനയ്ക്കയച്ചു. നാല് ജില്ലകളിലുള്ളവരുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
നവംബർ 21 ന് യുകെയിൽനിന്നും കോഴിക്കോടെത്തിയ ആരോഗ്യപ്രവർത്തകന് 26 നാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തിൽ ജാഗ്രതാപട്ടികയിലുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവരുടെ സാമ്പിൾ ജനിതകശ്രേണീ പരിശോധന നടത്തണമെന്ന നിർദേശത്തെ തുടർന്നാണ് നടപടികൾ. ഇയാളുടെ അമ്മയ്ക്കും നിലവിൽ കൊവി‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത സമ്പർക്കത്തിലേർപ്പെട്ട 3 പേർ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീക്കുന്നതിന് മുൻപ് ഇയാൾ വിവിധ ജില്ലകൾ സന്ദർശിച്ചിട്ടുണ്ട്.

ഇതിൻറെ അടിസ്ഥാനത്തിൽ വിപുലമായ സമ്പർക്കപ്പട്ടിക തയാറാക്കി അതാത് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഉമ്മ‍ർ ഫാറൂഖ് അറിയിച്ചു. നേരത്തെ ശേഖരിച്ച സാമ്പിൾ തിരുവനന്തപുരം രാജീവ് ഗാന്ധി റീജയണൽ ലാബിലേക്കാണ് പരിശോധനയ്ക്കായി അയച്ചത്. ഇയാളുടെ അമ്മയുടെ സ്രവസാമ്പിളും പരിശോധനയ്ക്കായി ഉടനെ അയക്കും. ഒരാഴ്ചയ്ക്കകം പരിശോധനാഫലം കിട്ടും. രോ ഗം സ്ഥിരീകരിച്ച ഡോക്ടറും മാതാവും കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇരുവരുടേയും ആരോ ഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group