ബെംഗളൂരു: കർണാടകയിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ ഫീസ് 10000 രൂപ വർധിപ്പിച്ചു. നിലവിലെ അധ്യയന വർഷമായ 2021-2022 മുതലാണ് ഫീസ് വർധന ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിദ്യാർഥികൾ ആകെ നൽകേണ്ട ഫീസ് 33,810 രൂപയായി ഉയർന്നു.ഫീസ് വർധിപ്പിച്ച സർക്കാർ നടപടിയെ തുടർന്ന് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കിടെ ഫീസ് ഉയർത്തിയത് ഇരട്ടി ഭാരമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. ഫീസ് വർധിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. അതേ സമയം കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിച്ചിട്ടില്ലെന്നും ക്ലാസ് മുറികൾ നവീകരിക്കാനും ലാബുകളും ഉപകരണങ്ങളും ഒരുക്കാനും ഫീസ് വർധന അനിവാര്യമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.