ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്സഭ ചര്‍ച്ചയില്ലാതെ പാസാക്കി.ഒറ്റവരി ബില്ലാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവതരിപ്പിച്ചത്.ബില്ലിന്മേല് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.സഭാ നടപടികള്‍ സാധാരണനിലയിലാകാതെ ചര്‍ച്ച ഇല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും.രാവിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ലോക്സഭയില്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.