ബെംഗളൂരു • വേണ്ടത്ര പാർക്കിങ് കേന്ദ്രങ്ങളില്ല. റോഡരികിൽ നിർത്തിയിട്ടാൽ ട്രാഫിക് പൊലീസ് പൊക്കി കൊണ്ടുപോകും. മാളുകളിലും മറ്റും പാർക്ക് ചെയ്യണമെങ്കിൽ അമിത ചാർജ് നൽകണം. നഗരത്തിലൂടെ വാഹനം ഓടിക്കുന്നതിലും ബുദ്ധിമുട്ടാണ് അത് പാർക്ക് ചെയ്യുന്നത്. ഗതാഗതക്കുരുക്കിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനം അത്യാവശ്യത്തിന് എവിടെയെങ്കിലും നിർത്തണമെന്നു തോന്നിയാൽ പെട്ടുപോകും. ചെറിയൊരു ഷോപ്പിങ്ങിനോ, ബസ് സ്റ്റോപ്പിൽ നിന്ന് ആരെയെങ്കിലും കുട്ടിക്കൊണ്ടുവരാനോ പോകുന്നവരാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ലാതെ ബുദ്ധിമുട്ടുന്നത്.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് വേറെയും. ബെംഗളൂരു നിവാസികൾ വർഷങ്ങളായി നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കാൻ ജനങ്ങളുടെ തന്നെ അഭിപ്രായം തേടിയിരിക്കുകയാണ് പൊലീസ്. നഗരത്തിലെ പാർക്കിങ് സംവിധാനം എങ്ങനെ ആയിരിക്കണം എന്നതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർ കുമാൽ പാന്ത് ആണ് പൊതുജനാഭിപ്രായം തേടിയിരിക്കുന്നത്. നിലവിലെ പോരായ്മകൾ, വരുത്തേണ്ട മാറ്റങ്ങൾ, പാർക്കിങ് ഫീസ് തുടങ്ങി വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രായോഗിക നിർദേശങ്ങൾ പങ്കു വയ്ക്കാം. നഗര ഗതാഗത ഡയറക്ടറേറ്റ്(ഡൽട്ട്) തയാറാക്കിയ പാർക്കിങ് നയം നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. എന്നാൽ പൊതുജനാഭിപ്രായം മാനിക്കാതെ തയാറാക്കിയ നയത്തിനെതിരെ വ്യാപക എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ കൂടി അഭിപ്രായം ഉൾപ്പെടുത്തിയുള്ള നയം നടപ്പാക്കാനാണ് സർക്കാരിന്റെയും പൊലീസിന്റെയും ശ്രമം.