ബെംഗളൂരു:കർണാടകയിൽ രാഷ്ട്രീയ വിവാദ ത്തിനു തിരികൊളുത്തിയ, ബിറ്റ്കോയിൻ (ഡിജിറ്റൽ നാണയം) തട്ടിപ്പുകേസിനു നേർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണടയ്ക്കുന്നതു ശരിയാണോ എന്ന ചോദ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്.കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളി ഭരണകാര്യത്തിൽ മാത്രം ശ്രദ്ധയൂന്നാൻ മോദി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് ഉപദേശം നൽകിയതു ശരിയാണോയെന്നും ഈ കേസ് തമസ്കരിക്കണം എന്നാണോ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.
ബൊമ്മ മുഖ്യമന്ത്രിയാകും മുൻപു സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായിരുന്നു. അദ്ദേഹം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിശ്ചയമില്ല. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്കശിക്ഷ ഉറപ്പാക്കണമെന്നു മാത്രമാണ് കോൺഗ്രസിന്റെ ആവശ്യമെന്നും സിദ്ധരാമയ്യ പറഞ്ഞു.ബെംഗളൂരുവിലെ ഹാക്കറായ ശ്രീകൃഷ്ണയിൽ നിന്ന് 9 കോടിയുടെ ബിറ്റ്കോയിൻ കണ്ടെടുത്ത കേസിൽ ബിജെപി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് കോൺഗ്രസും തിരിച്ചാണന്നു ബിജെപിയും ആരോപിക്കുന്നുണ്ട്.