Home Featured മരണക്കെണിയെന്ന് ദുഷ്‌പേര്; പേരുദോഷം മാറ്റാന്‍ കര്‍ണാടകത്തിലെ അണക്കെട്ടിലേക്ക് ‘എടുത്തു ചാടി’ ജില്ലാ കളക്ടര്‍

മരണക്കെണിയെന്ന് ദുഷ്‌പേര്; പേരുദോഷം മാറ്റാന്‍ കര്‍ണാടകത്തിലെ അണക്കെട്ടിലേക്ക് ‘എടുത്തു ചാടി’ ജില്ലാ കളക്ടര്‍

ബംഗളൂരു: കര്‍ണാടകത്തിലെ സനാപുരയില്‍ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് എടുത്തുചാടി കൊപ്പാള്‍ ജില്ലാ കളക്ടര്‍ വികാസ് കിഷോര്‍ സുരല്‍കര്‍. ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു കളക്ടറുടെ സാഹസികത. ജലസംഭരണിക്ക് മുകളിലുള്ള മലയില്‍ കയറി വെള്ളത്തിലേക്ക് കളക്ടര്‍ കുതിച്ചു ചാടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഹംപിയോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് സനാപുര.

എന്നാല്‍ ഇവിടം മരണക്കെണിയാണെന്നാണ് പൊതുവായ അഭിപ്രായം. ഇക്കാരണത്താല്‍ ആളുകള്‍ ഇങ്ങോട്ട് വരാന്‍ മടിക്കുന്നു. ഈ ദുഷ്‌പേര് മാറ്റാന്‍ വേണ്ടിയാണ് ജില്ലാ കളക്ടര്‍ തന്നെ ജലസംഭരണിയിലേക്ക് ചാടി ആളുകളെ ആകര്‍ഷിച്ചത്. ജില്ലാ പഞ്ചായത്ത് സിഇഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കളക്ടറുടെ കരണം മറിച്ചില്‍ കാണാന്‍ സന്നിഹിതരായിരുന്നു. വിനോദസഞ്ചാരത്തിന് വന്‍ സാധ്യതകളുണ്ടെങ്കിലും കൊപ്പാള്‍ ഇപ്പോഴും പിന്നാക്ക ജില്ലകളിലൊന്നായി തുടരുകയാണ്. മേഖലയെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group