ബെംഗളൂരു: കന്നടനടന്‍ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വേര്പാടിന് ശേഷം ആശുപത്രികളില്‍ ചെക്കപ്പിന് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പരിശോധന നടത്താന്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നുവെന്നാണ് വിവരം. ബെംഗളൂരുവിലെ ആശുപത്രികളിലും ഹൃദയാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
പ്രായമായവര്‍ കൂടാതെ ചെറുപ്പക്കാരും ഇത്തരത്തില്‍ ഡോക്ടര്‍മാരെ സമീപിച്ച് സംശയനിവാരണം നടത്തുന്നുവെന്നാണ് വിവരം. നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ആളുകളും ആശുപത്രിയെ സമീപിക്കുന്നതെന്നും ഈ കണക്കില്‍ മുമ്ബത്തേക്കാളും മൂന്നിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന് പുനീത് രാജ്കുമാര് അന്തരിച്ചത്.
അദ്ദേഹത്തിന് 46 വയസ് മാത്രമായിരുന്നു പ്രായം. മരണത്തിന് ശേഷം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഉയര്‍ന്ന് വന്ന പോസ്റ്റുകളും വിലയിരുത്തലുകളും ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് നിഗമനം. തലസ്ഥാനത്തെ ജയദേവ ആശുപത്രിയില്‍ ഹൃദയസംബന്ധമായ സംശയങ്ങളും പ്രശ്നങ്ങളുമായി 1500 പേരെത്തിയെന്നാണ് കണക്ക്. മൈസൂരുവില്‍ ആയിരത്തോളം പേരും ഡോക്ടര്‍മാരെ സമീപിച്ചു.