ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രണ്ടു സീറ്റുകളിലേക്കാണ് നടന്ന ഉപതെരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസ്(JDS) സിറ്റിങ് സീറ്റായിരുന്ന സിന്ദ്ഗിയില്‍ ബിജെപി(BJP) 31185 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.എന്നാല്‍ മുഖ്യമന്ത്രി ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹംഗലില്‍ ബിജെപിയ്ക്ക് തിരിച്ചടി നേരിട്ടു. ഹംഗലില്‍ കോണ്‍ഗ്രസ് 7139 വോട്ടിന് ജയിച്ചു. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയടക്കമുള്ള മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍.
അസമില്‍ അഞ്ച്, പശ്ചിമ ബംഗാളില്‍ നാല്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് വീതം, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും ആന്ധ്രപ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ വീതം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര ഭരണപ്രദേശമായ ദാദ്രനഗര്‍ ഹവേലി, ഹിമാചലിലെ മണ്ഡി, മധ്യപ്രദേശിലെ ഖന്ദ്വ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നു.
അസമില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലും ബിജെപി സഖ്യം വിജയിച്ചു. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭ മണ്ഡലത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. ഇതില്‍ രണ്ടെണ്ണം നേരത്തെ ബി ജെ പി ജയിച്ചവയാണ്. നാലിടത്തും വമ്ബന്‍ ഭൂരിപക്ഷത്തിനാണ് ടിഎംസി ലീഡ് ചെയ്യുന്നത്. ഹിമാചല്‍ പ്രദേശില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് ബി.ജെപിയും മുന്നിലാണ്. രാജസ്ഥാനിലെ രണ്ട് സീറ്റിലും കോണ്‍ഗ്രസാണ് മുന്നില്‍. ഇതിലൊരു സീറ്റ് നേരത്തെ ബിജെപി ജയിച്ചതാണ്