മുംബയ്: ലഹരി മരുന്ന് കേസില്‍ ഒരു മാസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞിരുന്ന താരപുത്രന് ആര്യന് ഖാന് ജയില്‍ മോചിതനായി.ആര്യന് ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ തന്നെ ജയില്‍ മോചിതനാകേണ്ടിയിരുന്നെങ്കിലും ജാമ്യരേഖകള്‍ ഹാജരാക്കാന്‍ ഏതാനും നിമിഷങ്ങള്‍ വൈകിയതിനാല്‍ താരപുത്രന് ഒരു രാത്രി കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ആര്‍ക്കും പ്രത്യേക പരിഗണനയൊന്നും നല്‍കില്ലെന്നും വൈകിട്ട് 5.30ന് മുമ്ബായി ജാമ്യരേഖകള്‍ ഹാജരാക്കാത്തതിനാലാണ് ആര്യന് ഖാനെ ഇന്നലെ ജയില്‍ മോചിതനാക്കാത്തതെന്ന് പ്രിസണ്‍ ഓഫീസര്‍ വ്യക്തമാക്കി. മകനെ സ്വീകരിക്കാന്‍ വെള്ള റെയ്ഞ്ച് റോവറില്‍ ഷാരൂഖ് ഖാന് നേരിട്ട് ജയിലില്‍ എത്തി.
അതേസമയം ആര്യന് ഖാനോടൊപ്പം ലഹരി മരുന്ന് കേസില്‍ പിടിയിലായ മുണ് മുണ് ധമേച്ചയുടെ ജയില്‍ മോചനം ഇനിയും നീളാനാണ് സാദ്ധ്യത. മുണ് മുണ് ധമേച്ചയുടെ സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതില്‍ അവരുടെ കുടുംബം ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് വിവരം. മുണ് മുണ് ധമേച്ചയുടെ മോചനത്തിനു വേണ്ടി അഭിഭാഷകന് ഇന്ന് വീണ്ടും ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് സാദ്ധ്യത. പണം കെട്ടിവച്ച ശേഷമുള്ള ജാമ്യത്തിനാകും ഇത്തവണ ശ്രമിക്കുക എന്നറിയുന്നു.