ജയ്പൂര്‍: ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച സ്വകാര്യ സ്കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. രാജസ്ഥാനിലെ ഉദയ്പൂരിലെ നീരജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അട്ടാരിക്കെതിരെയാണ് സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തത്.
‘ഞങ്ങള്‍ ജയിച്ചു’ എന്ന അടിക്കുറിപ്പോടെ പാകിസ്താനി താരങ്ങളുടെ ചിത്രം അവര്‍ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നു. നിങ്ങളെ പാകിസ്താനെയാണോ പിന്തുണക്കുന്നതെന്ന് ഒരു രക്ഷിതാവ് അധ്യാപകയോട് ചോദിച്ചപ്പോള്‍ ‘അതെ’ എന്നായിരുന്നു മറുപടി. അധ്യാപികയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

ഞായറാഴ്ച ദുബൈയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് പാകിസ്താന് ഇന്ത്യയെ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ഓപണര്‍മാര്‍ അടിച്ചെടുക്കുകയായിരുന്നു. ഓപണര്‍മാരായ മുഹമ്മദ് റിസ്വാനും (79 നോട്ടൗട്ട്) ബാബര്‍ അസമും (68 നോട്ടൗട്ട്) ഇന്ത്യന്‍ ബൗളര്‍മാരെ നിലംതൊടാതെ പറത്തി. ലോകകപ്പില്‍ ഇതാദ്യമായാണ് പാകിസ്താന് ഇന്ത്യയെ തോല്‍പിച്ചത്.