ബെംഗളൂരു: തുടർച്ചയായ മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയതിനാൽ ബെംഗളൂരുവിലേക്കു ഗുണ നിലവാരമുള്ള സവാളയുടെ വരവ് കുറഞ്ഞു. ഇപ്പോഴെ ത്തുന്ന സവാളകളിലേറെയും വലുപ്പം കുറഞ്ഞതും പെട്ടെന്നു കേടാകുന്നതുമാണെന്നു വ്യാപാരികൾ പറയുന്നു. സംസ്ഥാനത്ത് ഗദക്, ധാർവാഡ്, ബാഗൽക്കോട്ട്, ചിത്രദുർഗ തുടങ്ങിയ ജില്ലകളിലാണ് സവാള വ്യാപകമായി കൃഷി ചെയ്യുന്നത്. ഒക്ടോബർ-ഡിസംബർ കാലയളവിലാണ് ഇവയുടെ വിളവെടുപ്പ് നടക്കുന്നത്. ഇത്തവണ സവാളയിലേറെയും ചീഞ്ഞുപോയതായി കർഷകർ പറഞ്ഞു. ഇതേ തുടർന്നു വലിയ സവാള മഹാരാഷ്ട്രയെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്.
എന്നാൽ, മഴ നഗരത്തിലെ സവാളവിലയെ കാര്യമായി ബാധിച്ചിട്ടില്ല. ചെറിയ സവാള കിലോയ്ക്ക് 20-30 രൂപയാണ് വില. വലുതിനു ഗുണമേന്മയനുസരിച്ച് 50-55 രൂപ വരെയാകും. ഏറെ നാളായി ഉയർന്നു നിന്നിരുന്ന തക്കാളി വിലയും കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 55 -60 രൂപയിൽ നിന്ന് 45-50 രൂപയിലേക്കാണ് വില കുറഞ്ഞത്. വരും ദിവസങ്ങളിൽ വില വീണ്ടും കുറഞ്ഞേക്കാമെന്നു വ്യാപാരികൾ പറഞ്ഞു.