ബെംഗളുരു: തടാകങ്ങളിലേക്കെത്തുന്ന മുഴുവൻ മലിനജലവും ശുദ്ധീകരിക്കുകയെന്ന ലക്ഷ്യം യാഥാർഥ്യമാകാൻ 2 വർഷം കൂടി കാത്തിരിക്കേണ്ടി വരും. അധികമായെത്തുന്ന മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റു(എസ്ടിപി)കളുടെ നിർമാണം പൂർത്തിയാകാത്തതാണ് കാരണം.
ബെംഗളൂരുവിലെ ജലാശയങ്ങളിലേക്ക് മലിനജലം എത്തുന്നതു പൂർണമായും തടയാൻ എസ്ടിപി സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ ജലബോർഡിന് (ബിഡബ്ല്യുഎസ്എസ്ബി) ഈ വർഷം സെപ്റ്റംബർ വരെയാണ് സമയം അനുവദിച്ചിരുന്നത്. ദിവസേന 144 കോടി ലിറ്റർ മലിനജലമാണ് നഗരം പുറന്തള്ളുന്നത്.ഇതിൽ 100 കോടി ലിറ്റർ ശുദ്ധീകരിക്കാനുള്ള ശേഷിയേ നിലവിലെ 33 എസ്ടിപികൾക്കുള്ളു. ഇവയിൽ പലതും മുഴുവൻശേഷിയും വിനിയോഗിക്കുന്നുമില്ല. രാസമാലിന്യം പൂർണമായും നീക്കാനാകും വിധം പഴയ എസ്ടിപികൾ നവീകരിക്കാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല.