തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് പേമാരി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അതിതീവ്രമഴ വന്‍ നാശനഷ്ടമാണ് വരുത്തിയത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. മഴക്കെടുതിയില്‍ ഇതുവരെ ജീവന് നഷ്ടമായതാണ് ഒന്‍പത് പേര്‍ക്കാണ്. ഇരുപതു പേരെ കാണാതായി.
മഴ ഏറ്റവും നാശം വിതച്ചത് കോട്ടയം ജില്ലയിലാണ്. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചുപേരെ കാണാതായി. മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ക്ലാരമ്മ ജോസഫ്, സിനി, സിനിയുടെ മകള്‍ സോന എന്നിവരാണ് മരിച്ചത്.
ഇടുക്കി ജില്ലകളിലും മഴ കനത്ത പ്രഹരം ഏല്‍പ്പിച്ചിട്ടുണ്ട്. കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ കോക്കയാറില് ഉരുള്‍പൊട്ടലുണ്ടായി. ഏഴു പേരെയാണ് ഇവിടെ കാണാതായത്. പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ അഞ്ചു വീടുകള്‍ ഒഴുകിപ്പോയി. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചു.
തിരുവനന്തപുരം ജില്ലയിലെ തെക്കന്‍ മലയോര മേഖലയില്‍ മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. അമ്ബൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. നദികളുടെ ജലനിരപ്പ് ഉയര്‍ന്നു. വെള്ളായണിയില്‍ ദുരിതാശ്വാസ കാമ്ബ് തുറന്നു. കണ്ണമ്മൂലയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി.