കൊല്ലം: മൂര്‍ഖന്‍പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന, ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം. കൊലക്കുറ്റ കേസിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയ കോടതി അഞ്ചം ലക്ഷം രൂപ പിഴയും വിധിച്ചു. 17 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതി ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. പ്രതിയുടെ പ്രായംപരിഗണിച്ചാണ് പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.
കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് ആറാം കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിച്ചത്. ഉത്രയുടെ പിതാവ് വിജയശേഖരനും സഹോദരനും കോടതിയിലെത്തിയിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമുള്ള കേസില്‍ പ്രോസിക്യൂഷന് ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതായും സൂരജ് കുറ്റക്കാരനാണെന്നും കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
10 വര്‍ഷം വിഷവസ്തു ഉപയോഗിച്ചുള്ള കൊലയ്ക്കും, 7 വര്‍ഷം തെളിവ് നശിപ്പിച്ചതിനുമാണ് ശിക്ഷ. കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം. 17 വര്‍ഷത്തെ തടവിന് ശേഷമാവും ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടി വരിക.
വിചിത്രവും പൈശാചികവും ദാരുണവുമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിലെ പൈശാചിക വശങ്ങള്‍ക്കൊപ്പം സുപ്രീംകോടതി ഉത്തരവുകളും വധശിക്ഷയെ സാധൂകരിക്കാന്‍ ബോധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്കുന്ന വിധിയായിരിക്കണമെന്നും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന് ആവശ്യം.
2020 മേയ് ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്ബുകടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന്, സന്ധ്യക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂര്‍ഖന്‍പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മേയ് 25നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.
കേസിലെ മാപ്പുസാക്ഷിയും പാമ്ബുപിടിത്തക്കാരനുമായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിെന്റ കൈയില്‍നിന്നാണ് സൂരജ് പാമ്ബിനെ വാങ്ങിയത്. കൊല്ലം റൂറല്‍ എസ്.പിയായിരുന്ന എസ്. ഹരിശങ്കറിെന്റ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ. അശോകനാണ് കേസ് അന്വേഷിച്ചത്. അഡ്വ. ജി. മോഹന്‍രാജാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍