മംഗളുറു: നഗരത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം കാര്‍ഗോ സെര്‍വീസ് സ്ഥാപന ഉടമ നടത്തിയ വെടിവെപ്പില്‍ തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മകന്റെ നില ഗുരുതരമായി തുടരുന്നു. വൈഷ്ണവി എക്സ്പ്രസ് കാര്‍ഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭു തൊഴിലാളിക്ക് നേരെ ഉതിര്‍ത്ത വെടിയുണ്ടയാണ് അബദ്ധത്തില്‍ മകന്‍ സുധീന്ദ്ര (15)യുടെ തലക്ക് കൊണ്ടതെന്നാണ് റിപോര്‍ട്.
സംഭവം സംബന്ധിച്ച പൊലീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നതിങ്ങനെ- ‘മംഗളുറു സൗത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സുധീന്ദ്രക്ക് വെടിയേറ്റു. കുട്ടിയുടെ അച്ഛന്‍ രാജേഷ് പ്രഭുവിന്റെ ഇന്‍ഡ്യന്‍ നിര്‍മിത പിസ്റ്റളില്‍ (പി 32ബി) നിന്നുള്ള ഉണ്ടയാണ് തലയില്‍ കൊണ്ടത്. ഈ തോക്കിന് കര്‍ണാടക സര്‍കാര്‍ നല്‍കിയ ലൈസന്‍സിന് അടുത്ത വര്‍ഷം ജുലൈ 31വരെ കാലാവധിയുണ്ട്.
പ്രഭുവിന്റെ സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ചന്ദ്രു, ക്ലീനര്‍ അശ്‌റഫ് എന്നീ ചെറുപ്പക്കാര്‍ അവര്‍ക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും എത്തിയപ്പോള്‍ രാജേഷിന്റെ ഭാര്യയാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. അവര്‍ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടില്‍ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു രണ്ടു ചുറ്റ് വെടിയുതിര്‍ത്തു. ഇതിലൊന്ന് മകന്റെ തലക്കാണ് കൊണ്ടത്. പ്രഭുവിനെതിരെ കേസെടുത്തിട്ടുണ്ട്’.
അതേസമയം തൊഴിലാളി, പ്രഭുവില്‍ നിന്ന് തോക്ക് പിടിച്ചു വാങ്ങി വെടിവെച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സിറ്റി പൊലീസ് കമീഷനര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലവും ആശുപത്രിയില്‍ കുട്ടിയേയും സന്ദര്‍ശിച്ചു.