ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കാറിടിച്ച് മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ പ്രിയങ്കഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചൂലെടുത്ത് സീതാപ്പൂരിലെ പൊലീസ് ഗസ്റ്റ് ഹൗസ് തൂത്ത് വാരി വൃത്തിയാക്കി പ്രിയങ്ക. ഇതിന്റെ വീഡിയോ വൈറലായി. പ്രിയങ്കയെ താമസിപ്പിച്ചിരിക്കുന്നത് വൃത്തിയില്ലാത്ത മുറിയിലാണെന്നും പ്രിയങ്ക സ്വയം മുറി വൃത്തിയാക്കിയെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സിതാപ്പൂര്‍. കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ പൊലീസ് സീതാപ്പൂരിലെ ഗസ്റ്റ്ഹൗസിലാണ് പാര്‍പ്പിച്ചത്.
ഇവിടം ചൂലെടുത്ത് വൃത്തിയാക്കുന്ന പ്രിയങ്കയുടെ വീഡിയോ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാന്‍ യു.പി പൊലീസ് നിയോഗിച്ചത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന പ്രിയങ്കയുടെ വീഡിയോയും പുറത്തുവന്നിരുന്നു. ‘എന്നെ ആ കാറിലേക്ക് മാറ്റുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ കിഡ്നാപ്പിംഗിന് പരാതി നല്‍കും.”- തന്റെ വാഹനവ്യൂഹം തടഞ്ഞ പൊലീസിന് നേരെ കയര്‍ക്കുന്ന പ്രിയങ്കയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തനിക്ക് ചുറ്റും പൊലീസുകാര്‍ വലയം തീര്‍ത്തെങ്കിലും പ്രിയങ്ക പിന്മാറിയില്ല. ഒടുവില്‍ അവരെ പിടിച്ചുവലിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത പൊലീസുകാരാണ് തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു