ബെംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ ഇന്നലെ 2 ട്രെയിൻ കോച്ചുകൾ പാളം തെറ്റി. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസുകളും പാഞ്ഞെത്തി. പരുക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകാനുള്ള മെഡിക്കൽ സൗകര്യങ്ങൾ സ്റ്റേഷനിൽ മിനിറ്റുകൾക്കകം സജ്ജമാക്കിയ സംഘം, പാളം തെറ്റിയ കോച്ചിൽ കുടുങ്ങിയ 15 യാത്രക്കാരെ ട്രെയിനിന്റെ ജനലഴികൾ മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. ട്രെയിൻ അപകടങ്ങൾ നേരിടാനുള്ള ശേഷി പരിശോധിക്കാൻ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന(എൻഡിആർഎഫ്, എസ്ഡിആർഎഫ്)കളുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടത്തിയ മോക്ഡ്രിൽ സ്റ്റേഷനിൽ എത്തിയവരെ ആദ്യം അമ്പരപ്പിച്ചെങ്കിലും പിന്നീട് കൗതുകമായി. അസി.കമാൻഡ് ജെ.സെന്തിൽ കുമാറിന്റെ നേതൃത്വത്തിൽ 30 പേരടങ്ങിയ സംഘം മോക്ഡ്രില്ലിൽ പങ്കെടുത്തു. ദക്ഷിണ പശ്ചിമ റെയിൽവേ പ്രിൻസിപ്പൽ,ചീഫ് സേഫ്റ്റി ഓഫിസർ എം.എ.വി.രാമാനുജൻ, ഡിവിഷനൽ റെയിൽവേ മാനേജർ ശ്യാം സിങ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.