ന്യൂഡെല്‍ഹി: ( 30.09.2021) സാരി ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണമുയര്‍ന്ന ഡെല്‍ഹിയിലെ അന്‍സല്‍ പ്ലാസയിലെ ദി അക്വില റെസ്റ്റോറന്റ് കോര്പറേഷന് അടപ്പിച്ചു. സൗത് ദില്ലി മുനിസിപല്‍ കോര്‍പറേഷനാണ് നോടീസ് നല്‍കിയത്. അതേസമയം സാരി വിവാദവുമായി ബന്ധപ്പെട്ട യാതൊന്നും നോടീസില് പരാമര്‍ശിച്ചില്ലെന്നാണ് വിവരം. മറിച്ച് ഹെല്‍ത് ട്രേഡ് ലൈസന്‍സില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
മൂന്ന് ദിവസം മുന്‍പാണ് ഹോടെല്‍ അടപ്പിച്ചത്. സെപ്തംബര്‍ 21 ന് ഹോടെലില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം 24 നാണ് ഇവര്‍ക്ക് നോടീസ് നല്‍കിയത്. ഹോടെല്‍ വൃത്തിഹീനമായിരുന്നുവെന്നും പൊതുസ്ഥലം കയ്യേറിയാണ് ഹോടെല്‍ നിര്‍മിച്ചതെന്നുമാണ് നോടീസില് ആരോപിക്കുന്നത്.
അതേസമയം നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ യുവതി ഹോടെലിനെതിരെ രംഗത്ത് വന്നത്. സാരി ധരിച്ചെത്തിയത് കൊണ്ട് തന്നെ ഹോടെലിലേക്ക് പ്രവേശിപ്പിച്ചില്ലെന്നായിരുന്നു ഇവരുടെ ആരോപണം.
ഈ വീഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു. പിന്നാലെ ഹോടലുടമകള് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പരമ്ബരാഗത ഇന്‍ഡ്യന്‍ വേഷം ധരിക്കുന്നവര്‍ക്ക് പ്രവേശം നിഷേധിക്കുന്ന ഏതൊരു ഹോടെലിനും ബാറിനും നേരെ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ആന്‍ഡ്രൂസ് ഗഞ്ചിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഭിഷേക് ദത് രംഗത്ത് വന്നിരുന്നു.
ഇദ്ദേഹമാണ് ഹോടെല്‍ സര്‍കാര്‍ ഭൂമി കയ്യേറിയാണ് നിര്‍മിച്ചിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും ആരോപിച്ചത്. പിന്നാലെയാണ് ആരോഗ്യവിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയത്.