മലയാളി നിയമവിദ്യാര്‍ഥി തമിഴ്നാട് ഈറോഡില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. തൃശൂര്‍ സ്വദേശിയായ ശ്രുതിയുടെ മരണത്തില്‍ ലഹരി മാഫിയക്കും സെക്സ് റാക്കറ്റിനും ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
തമിഴ് നാട്ടില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന് മരിച്ച ശ്രുതിയുടെ അമ്മ പറയുന്നു.വലപ്പാട് സ്വദേശി കാര്‍ത്തികേയന്റെ മകള്‍ ശ്രുതി ബാംഗ്ലൂരില്‍ ആണ് നിയമ ബിരുദത്തിനു പഠിച്ചിരുന്നത്. ഓണമവധിക്ക് ഓഗസ്റ്റ് 20ന് നാട്ടിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ 17ആം തീയ്യതി ശ്രുതിക്ക് അപടം സംഭവിച്ചെന്നും, ഈറോഡ് ജനറല്‍ ആശുപത്രിയില്‍ എത്തണമെന്നും വീട്ടുകാര്‍ക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു. അവിടെയെത്തിയ അമ്മ അടക്കമുള്ളവര്‍ കണ്ടത് മരിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്
ബംഗളൂരുവില്‍ പഠിക്കുന്ന ശ്രുതി എങ്ങിനെ ഈറോഡ് എത്തിയെന്നും, അവിടെ വച്ച് വിഷം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സാഹചര്യം എന്താണെന്നും ബന്ധുക്കള്‍ക്ക് വ്യക്തമല്ല. ശ്രുതിയ്ക്കൊപ്പം എറണാകുളം സ്വദേശിയായ സുഹൃത്ത് ഹരികൃഷ്ണനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും, തൃശ്ശൂര്‍ റൂറല്‍ എസ്പിക്കും ഉള്‍പ്പെടെ വീട്ടുകാര്‍ പരാതി നല്‍കി. വീട്ടുകാരുടെ ആരോപണവും പരിശോധിക്കുമെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്പി. ജി പൂങ്കുഴലി പറഞ്ഞു.