ബെംഗളൂരു: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം നിപ്പയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഒക്ടോബര്‍ അവസാനം വരെ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോള്‍ തിരിച്ചുവിളിക്കരുതെന്ന് അധികൃതര്‍ ഐടി കമ്ബനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി. നിലവില്‍ കേരളത്തിലുള്ള മലയാളികള്‍ കര്‍ണാടകയിലേക്കു വരരുതെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നേരത്തെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കേരളത്തില്‍ ചൊവ്വാഴ്ച 25,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങള് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 21,820 ആയി.