ബംഗളൂരു: കേരളത്തില്‍നിന്നും എത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ബന്ധമാക്കിയ ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനില്‍ വ്യക്തത വരുത്തികൊണ്ട് വിശദമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.
കേരളത്തില്‍നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കി. കര്‍ണാടകയിലേക്ക് എത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരുമല്ലാത്ത മറ്റുള്ളവരെല്ലാം ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ഏഴു ദിവസം വീട്ടു നിരീക്ഷണത്തില്‍ കഴിയുകയും വേണം.
എല്ലാവരെയും ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ജീവനക്കാരെയും വിദ്യാര്ഥികളെയു ഒഴികെയുള്ള മറ്റെല്ലാവര്‍ക്കും ഹോം ക്വാറന്റീന് നടപ്പാക്കുന്നത്. മൂന്നു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായും വിവിധ പരീക്ഷകള്‍ക്ക് (മൂന്നു ദിവസത്തേക്ക്) എത്തുന്ന വിദ്യാര്‍ഥികള്‍ക്കും ക്വാറന്റീന് ബാധകമാകില്ലെന്നും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
വരുന്ന എല്ലാവര്ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കേരളത്തില്‍നിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ക്കും വിവിധ കമ്ബനികളിലെ ജീവനക്കാര്‍ക്കും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയാണെന്നും ഇതേതുടര്‍ന്നാണ് പുതിയ നിയന്ത്രണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍. ജില്ല ഭരണകൂടങ്ങള്‍ക്കായിരിക്കും ഉത്തരവ് നടപ്പാക്കേണ്ട ചുമതല.
ക്വാറന്റീന് സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിലെ പ്രധാന വിവരങ്ങള്‍:
- വിദ്യാര്‍ഥികളും ജീവനക്കാരും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം (രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ ഉള്‍പ്പെടെ).ഏഴു ദിവസം മാത്രമായിരിക്കും ഇത്തരം സര്‍ട്ടിഫിക്കറ്റിെന്റ കാലാവധി. വിദ്യാര്‍ഥികളെ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലാക്കണം. ജീവനക്കാരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലാക്കേണ്ട ചുമതല അതാത് ഒാഫീസുകളും കമ്ബനികളും സ്ഥാപനങ്ങള്‍ക്കുമായിരിക്കും.
- യാതൊരു കാരണവശാലും വിദ്യാര്‍ഥികളെയും ജീവനക്കാരെയും വീട്ടു നിരീക്ഷണത്തില്‍ വിടാന്‍ അനുവദിക്കരുത്.
- ക്വാറന്റീനിെന്റ ഏഴാം ദിവസമെടുക്കുന്ന ആര്.ടി.പി.സി.ആര് പരിശോധന നെഗറ്റീവായാല്‍ പുറത്തിറങ്ങാം.
- നിരീക്ഷണത്തിനിടെ രോഗ ലക്ഷണമുള്ളവരെ അപ്പോള്‍ തന്നെ ആര്.ടി.പി.സി.ആര് പരിശോധനക്ക് വിധേയമാക്കണം.
- പോസിറ്റീവാകുന്നവരെ നിര്‍ബന്ധമായും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റണം. തുടര്‍ന്ന് ഏഴു ദിവസത്തെ ക്വാറന്റീനുശേഷം വീണ്ടും പരിശോധന നടത്തും.
- രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് 14 ദിവസത്തിനുശേഷം പോസിറ്റീവായവരുടെയും സാമ്ബിള്‍ പരിശോധനയില്‍ സി.ടി മൂല്യം 25ല്‍ കൂടുതലായവരുടെയും സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും.
- വിദ്യാര്‍ഥികളും ജീവനക്കാരുമല്ലാതെ കേരളത്തില്‍നിന്നും വരുന്ന മറ്റെല്ലാവരും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം ഏഴു ദിവസം വീട്ടു നിരീക്ഷണത്തില്‍ കഴിയണം.
നിര്‍ബന്ധിത ക്വാറന്റീന് ബാധകമല്ലാത്തവര്‍:
- ഭരണഘടനാ ചുമതലയുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും.
- രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍.
- മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് വരുന്നവര്‍.
- മൂന്നു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിന് വരുന്നവര്‍.
- മൂന്നു ദിവസത്തിനുള്ളിലുള്ള പരീക്ഷകള്‍ക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും (ഒരോ വിദ്യാര്‍ഥിക്കുമൊപ്പം ഒരു രക്ഷിതാവ്).
- മറ്റിടങ്ങളില്‍ കര്‍ണാടക വഴി കേരളത്തിലേക്ക് പോകുകയും തിരിച്ചുപോവുകയും ചെയ്യുന്നവര്‍