Home കർണാടക ബെംഗളൂരു ഹെബ്ബാള്‍ തുരങ്കപാത; മുറിക്കേണ്ടത് 1128 മരങ്ങള്‍, ഉയര്‍ന്നത് 1600ലധികം പരാതികള്‍, പദ്ധതി മുടങ്ങുമോ?

ബെംഗളൂരു ഹെബ്ബാള്‍ തുരങ്കപാത; മുറിക്കേണ്ടത് 1128 മരങ്ങള്‍, ഉയര്‍ന്നത് 1600ലധികം പരാതികള്‍, പദ്ധതി മുടങ്ങുമോ?

ബെംഗളൂരു: ഹെബ്ബാള്‍ തുരങ്കപാത പദ്ധതിക്കായി 1128 മരങ്ങള്‍ മുറിക്കാനുള്ള നിർദേശത്തിനെതിരെ ഉയർന്നത് 1,600ലധികം എതിർപ്പുകളും പരാതികളും.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കാണ് പൊതുജനങ്ങളില്‍നിന്ന് ഇത്രയധികം പരാതികള്‍ ലഭിച്ചത്. മരങ്ങള്‍ മുറിക്കുന്നതിലൂടെ ജൈവവൈവിധ്യത്തിനും പ്രദേശത്തെ പരിസ്ഥിതിക്കും ഉണ്ടാകാവുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളാണ് പ്രധാനമായും ഉയർന്നത്.ഏകദേശം 2.2 മുതല്‍ 2.3 കിലോമീറ്റർ വരെ നീളമുള്ള ഹെബ്ബാള്‍ തുരങ്കപാത ഹെബ്ബാളിലെ എസ്‌റ്റീം മാള്‍ ജങ്ഷനെയും വെറ്ററിനറി കോളേജ് പരിസരത്തെയും ബന്ധിപ്പിക്കുന്നതാണ്. വിമാനത്താവളത്തിലേക്കുള്ള റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബെംഗളൂരു വികസന അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.മരങ്ങളുടെ എണ്ണം, അവയുടെ വലുപ്പം, വിവിധ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടാകാവുന്ന നാശം എന്നിവ ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ എതിർപ്പുകള്‍ അറിയിച്ചത്.

ഹെബ്ബാള്‍ തടാകത്തിന്റെ സമീപപ്രദേശങ്ങളിലെ ജലപ്രവാഹം, ഭൂഗർഭജലനിരപ്പ്, താപനില വർധിച്ച്‌ പ്രദേശം ചൂടിന്റെ കേന്ദ്രമായി മാറാനുള്ള സാധ്യത എന്നിവയും പരാതികളില്‍ ഉന്നയിച്ചിട്ടുണ്ട്.അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണല്‍ മരങ്ങള്‍ മുറിക്കുന്നതിന് ഇടക്കാല വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് പൂർത്തിയാകുന്നതുവരെ പദ്ധതിയുടെ പാതയിലുടനീളം മരങ്ങള്‍ മുറിക്കാൻ പാടില്ലെന്നാണ് നിർദേശം. അടുത്ത വാദം ഈ വർഷം ഡിസംബർ 15ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.മരങ്ങള്‍ മുറിക്കണമോ മാറ്റിനടണമോ എന്നതില്‍ തുടർനടപടികള്‍ നിയമനടപടികളുടെയും വിദഗ്‌ധ സമിതിയുടെ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. നേരത്തെ തന്നെ ഹെബ്ബാള്‍ തുരങ്കപാതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പല കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.സെപ്റ്റംബർ 20നാണ് ജിബിഎ വിഷയത്തില്‍ എതിർപ്പുകള്‍ ക്ഷണിച്ചത്. ഇതിനായി പത്ത് ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിരുന്നു. എന്നാല്‍ മുറിച്ചുമാറ്റാൻ നിർദേശിച്ച മരങ്ങളുടെ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടിക അധികൃതർ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ല.

ഇതോടെ എതിർപ്പുകള്‍ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടായിരുന്നില്ല.ബെംഗളൂരുവിലെ ഹെബ്ബാള്‍ ഫ്ലൈഓവറിനും ഔട്ടർ റിങ് റോഡിനും സമീപമുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെബ്ബാള്‍ ഷോർട്ട് ടണല്‍ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ഏകദേശം 2.2 മുതല്‍ 2.3 കിലോമീറ്റർ വരെ നീളമുള്ള രണ്ട് സമാന്തര ഭൂഗർഭ തുരങ്കങ്ങളാണ് പദ്ധതിയുടെ പ്രധാന ഭാഗം.കട്ട് ആൻഡ് കവർ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന തുരങ്കങ്ങളില്‍ ഓരോ ദിശയിലേക്കും മൂന്ന് വീതം പാതകളുണ്ടാകും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പരമാവധി വേഗം. പദ്ധതിയുടെ ചെലവ് ഏകദേശം 1130 കോടി രൂപ മുതല്‍ 1385.29 കോടി രൂപ വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഇത്രയധികം എതിർപ്പുകള്‍ ഉയർന്ന സാഹചര്യത്തില്‍ പദ്ധതിയുടെ ഭാവി എന്താവുമെന്ന ചോദ്യമാണ് ഉയരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group