വിജയദശമി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ഔദ്യോഗികമായി അനുമതി വാങ്ങണം എന്ന കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ.പോലീസിനെ അറിയിക്കുന്നതും സഹകരണം തേടുന്നതും അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷയായി പരിഗണിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 25ന് കര്‍ണാടകയിലെ വിവിധ നഗരങ്ങളില്‍ പഥസഞ്ചലനം നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.പൊതുപരിപാടി നടത്തുമ്പോള്‍ പോലീസില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. സുരക്ഷയ്ക്കും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കും ഒരുക്കം നടത്താന്‍ പോലീസിന് മതിയായ സമയം വേണം. ഗതാഗത തടസം ഉണ്ടാകാന്‍ പാടില്ല എന്ന് ഉറപ്പാക്കാനും ക്രമീകരണം ആവശ്യമാണ്. ഇതിനെല്ലാം സമയം ആവശ്യമാണ് എന്നു ഖാര്‍ഗെ എക്സില്‍ കുറിച്ചു.
ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്നതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തി കൂടിയാണ് പ്രിയാങ്ക് ഖാര്‍ഗെ.പോലീസിനെ വിവരം അറിയിക്കുക, സഹകരണം തേടി ആഭ്യന്തര വകുപ്പിന് കത്ത് നല്‍കുക എന്നതൊന്നും അനുമതി തേടി അപേക്ഷ സമര്‍പ്പിക്കുന്നതിന് തുല്യമാകില്ലെന്ന് ഖാര്‍ഗെ വ്യക്തമാക്കി. അനുമതി ലഭിക്കാന്‍ രേഖാമൂലം ആര്‍എസ്എസ് അപേക്ഷ സമര്‍പ്പിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു. കര്‍ണാടകയില്‍ 500ല്‍ അധികം റൂട്ട് മാര്‍ച്ചുകളാണ് സ്ഥാപക ദിനത്തില്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരിക്കുന്നത്.ലക്ഷക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരേ ദിവസം ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്തുമ്പോള്‍ പോലീസിന് ഒട്ടേറെ ഒരുക്കം ആവശ്യമാണ്. പരിപാടികളെ കുറിച്ച് വിശദീകരിച്ച്, അനുമതി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ആര്‍എസ്എസ് ബെംഗളൂരുവിലെ പോലീസ് സ്റ്റേഷനുകളില്‍ നല്കിയ കത്ത് ഖാര്‍ഗെ പരസ്യമാക്കി.നിരവധി പേര് പങ്കെടുക്കുന്ന മാര്‍ച്ച് ഒരു സ്ഥലത്ത് നിന്ന് തുടങ്ങി മറ്റൊരു സ്ഥലത്ത് അവസാനിക്കുകയും ശേഷം പൊതുപരിപാടിയുമാണ് ആര്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് അനുമതിയില്ലാതെ പറ്റില്ല എന്ന നിലപാടിലാണ് മന്ത്രി. ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യാത്ത സംഘടനയാണ് എന്ന് നേരത്തെ പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ് എന്നും ഖാര്‍ഗെ ഓര്‍മിപ്പിച്ചു. സംഘടനയുടെ വരുമാനം, ചെലവ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വേണമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ ആവശ്യം ആര്‍എസ്എസ് മുഖവിലക്കെടുത്തിട്ടില്ല.