തമിഴ്നാട് ഭരണകക്ഷിയായ ടിവികെക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംഭാവനയായി ലഭിച്ചത് 13.3 കോടി രൂപ. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.വെറും നാലു പേരില്‍ നിന്നാണ് ഇത്രയും തുക ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ചതാണ് ഈ തുക. ടിവികെ അധികാരത്തിലെത്തുമെന്ന് ആരും പ്രതീക്ഷിക്കാത്ത ഘട്ടത്തിലാണ് 13 കോടി ലഭിച്ചത്. പ്രമുഖ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക വളരെ കുറവാണ്.ആണ്ണാഡിഎംകെക്ക് ലഭിച്ച സംഭാവന 161 കോടി രൂപയാണ്. ഡിഎംകെക്ക് 191 കോടി രൂപയും. ഈ രണ്ടു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്നതായിരുന്നു തമിഴ്‌നാടിന്റെ രാഷ്ട്രീയ ചിത്രം. എല്ലാം മാറ്റിമറിച്ചാണ് വിജയുടെ ടിവികെ അട്ടിമറി ജയം നേടി അമ്പരപ്പിച്ചത്. എന്നാല്‍ ലഭിച്ച സംഭാവനകള്‍ക്ക് പിന്നില്‍ ചില രസകരമായ കാര്യങ്ങളുണ്ട്.
ഇതാണ് തമിഴ്‌നാട്ടില്‍ പ്രധാന ചര്‍ച്ചയായിരിക്കുന്നത്.ടിവികെ നേതാവും പൊതുമരാമത്ത്-കായിക മന്ത്രിയുമായ ആധവ് അര്‍ജുനയാണ് പാര്‍ട്ടിക്ക് കൂടുതല്‍ സംഭവാന നല്‍കിയത്. 8.2 കോടി രൂപ നല്‍കിയത് ആധവ് അര്‍ജുനയാണ്. മറ്റൊരു മന്ത്രി ആര്‍വി രഞ്ജിത്കുമാര്‍ നല്‍കിയത് 5 കോടി രൂപയും. അതായത്, ഈ രണ്ടു മന്ത്രിമാരാണ് പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയുടെ 99 ശതമാനം നല്‍കിയത്. തൂത്തുകുടിയിലെ സ്‌നോ ഷോ, സ്‌നോ എക്‌സ്‌പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് എന്നീ കമ്പനികള്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.അണ്ണാഡിഎംകെക്ക് ലഭിച്ച 161 കോടി രൂപയില്‍ 135 കോടി രൂപയും നല്‍കിയത് ടൈഗര്‍ അസോസിയേറ്റ്‌സ് ആണ്. ഡിഎംകെക്ക് ലഭിച്ച 191 കോടി രൂപയില്‍ 125 കോടിനല്‍കിയതും ഇവര്‍ തന്നെ. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി കമ്പനിയാണിത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ബിസിനസ് പങ്കാളി സുബ്ബയ്യന്‍ നാഗരാജന്റെതാണ് ടൈഗര്‍ അസോസിയേറ്റ്‌സ്.
സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകനാണ് മന്ത്രി ആധവ് അര്‍ജുന. ടിവികെ പാര്‍ട്ടിയില്‍ വിജയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ആധവ് അര്‍ജുനയ്ക്കാണ്. അണ്ണാഡിഎംകെ, ടിവികെ, ഡിഎംകെ എന്നീ പാര്‍ട്ടികളുമായി അടുത്ത സൗഹൃദം സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിനുണ്ട്. മുമ്പ് ഇലക്‌ട്രല്‍ ബോണ്ട് ഉണ്ടായിരുന്ന വേളയില്‍ ഡിഎംകെക്ക് 509 കോടി രൂപ സംഭാവന ചെയ്തത് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് എന്ന കമ്പനിയായിരുന്നു.2024 ഫെബ്രുവരിയിലാണ് ഇലക്‌ട്രല്‍ ബോണ്ട് സുപ്രീംകോടതി റദ്ദാക്കിയത്. ഇലക്‌ട്രല്‍ ബോണ്ട് വഴി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ബിജെപിക്കാണ് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ബിസിനസുകാരും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള സഹകരണം വ്യക്തമാക്കുന്നതാണ് പുതിയ സംഭാവന കണക്ക്.