ബെംഗളൂരു: ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ബഹുമാനപൂർവ്വം പണം നല്‍കുന്നത് തെറ്റില്ലെന്ന തരത്തിലുള്ള പരാമർശത്തിന്റെ പേരില്‍ കർണാടക മന്ത്രി കെ.എം.ശിവലിംഗ ഗൗഡ വിവാദത്തില്‍. ഹാസൻ ജില്ലയിലെ സക്ലേഷ്പൂരില്‍ സംഘടിപ്പിച്ച ‘പ്രജാ സേവാ ആന്ദോളൻ’ പരിപാടിക്കിടെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കവെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. ഉദ്യോഗസ്ഥർ കൃത്യമായി പണി ചെയ്യാൻ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന ജനങ്ങളുടെ പരാതിക്ക് മറുപടിയായാണ് മന്ത്രി സംസാരിച്ചത്. “ഉദ്യോഗസ്ഥർ അവരുടെ കടമ ചെയ്യും. നിങ്ങള്‍ അവർക്ക് എന്തെങ്കിലും നല്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ബഹുമാനപൂർവ്വം ചെയ്യാം. അത് നിങ്ങളുടെ ധർമ്മമാണ്. എന്നാല്‍ ആരും നിർബന്ധിച്ച് പണം വാങ്ങിപ്പിക്കരുത്,” എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

പരാമർശത്തിനെതിരെ സദസ്സില്‍ നിന്ന് തന്നെ പ്രതിഷേധം ഉയർന്നു.മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ ശക്തമായ ആക്രമണവുമായി ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസ് സർക്കാരിന്റെ പുതിയ പദ്ധതി ‘ബഹുമാനപൂർവ്വമുള്ള കൈക്കൂലി’ ആണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് പരിഹസിച്ചു. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കുന്നത് ജനങ്ങളുടെ കടമയാണെന്നാണ് മന്ത്രി പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ മന്ത്രിക്കെതിരെ ബി.ജെ.പി നേതാക്കള്‍ ഗവർണർക്ക് പരാതി നല്‍കുകയും ചെയ്തു.എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും വ്യക്തമാക്കി മന്ത്രി രംഗത്തെത്തി. ഉദ്യോഗസ്ഥർക്ക് അർഹമായ ‘ബഹുമാനം’ നല്‍കാനാണ് താൻ ആവശ്യപ്പെട്ടതെന്നും ഒരു കാരണവശാലും കൈക്കൂലി നല്‍കരുതെന്ന് താൻ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ശിവലിംഗ ഗൗഡ വിശദീകരിച്ചു.