Home Featured നികുതിയും, ഇൻഷുറൻസുമില്ല, അമിതാബ് ബച്ചന്റെ കറുമായി സൽമാൻഖാനെ പൊക്കി കർണാടക ആർടിഒ

നികുതിയും, ഇൻഷുറൻസുമില്ല, അമിതാബ് ബച്ചന്റെ കറുമായി സൽമാൻഖാനെ പൊക്കി കർണാടക ആർടിഒ

by മൈത്രേയൻ

ബെംഗളുരു: ബോളിവുഡ് താരം അമിതാബ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ രേഖകള്‍ ഇല്ലാത്തതിനും കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതാണ് പിടിച്ചെടുത്ത കാര്‍. അധികൃതര്‍ വാഹനം പിടിച്ചെടുക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നതാണ് കൌതുകകരമായ മറ്റൊരു കാര്യം.

ഈ കാര്‍ വാങ്ങിയ വ്യക്തി ഇതുവരെ ഇന്‍ഷൂറന്‍സ് പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ഗതാഗത വകുപ്പിന്റെ അഡീഷണല്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്), നരേന്ദ്ര ഹോള്‍ക്കര്‍, ദ ഹിന്ദുവിനോട് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബച്ചന്റേത് ഉള്‍പ്പടെ ഏഴ് ലക്ഷ്വറി കാറുകളാണ് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

*ഒമാനിലേക്കുള്ള യാത്രാ വിലക്ക് നീക്കി; ഒമാനിലേക്ക് പോകുന്നവർ എടുക്കേണ്ട മുൻകരുതലുകൾ വിശദമായി*

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരം കാറുകള്‍ പിടിച്ചെടുക്കാന്‍ ബംഗളൂരു യുബി സിറ്റിക്ക് സമീപം ആഗസ്റ്റ് 22 ന് വൈകുന്നേരം ബെംഗളൂരു ആര്‍ടിഒ പ്രത്യേക പരിശോധന ആരംഭിച്ചിരുന്നു. ഈ പരിശോധനയിലാണ് അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള റോള്‍സ് റോയിസ് ഫാന്റം ഉള്‍പ്പെടെയുള്ളവ പിടികൂടിയത്. എല്ലാ വാഹനങ്ങളും ഇപ്പോള്‍ സിറ്റി ആര്‍ടിഒയുടെ കസ്റ്റഡിയിലാണ്.

വാഹനങ്ങളുടെ എല്ലാ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും, വിവിധ ഹൈ-എന്‍ഡ് വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത കാറുകളുടെ പട്ടികയില്‍ റോള്‍സ് റോയിസ് ഫാന്റം, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക്, ജാഗ്വാര്‍ XJ L, ഫെരാരി, ഔഡി R8, പോര്‍ഷെ തുടങ്ങിയവ ഉള്‍പ്പെടുന്നു. പരിവാഹന്‍ സേവ വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തതെന്ന് ബെംഗളൂരു ആര്‍ടിഒ പറയുന്നു. ഈ വാഹനങ്ങള്‍ കര്‍ണാടക ഒഴികെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

*വയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 11 കോടിയുടെ കൊക്കെയിന്‍: ബെംഗളൂരു വിമാനത്താവളത്തില്‍ നൈജീരിയക്കാരന്‍ അറസ്റ്റില്‍*

“രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഞങ്ങള്‍ യുബി സിറ്റിയില്‍ ഒരു ഡ്രൈവ് നടത്തി. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത റോള്‍സ് റോയിസ് ഉള്‍പ്പെടെ ഏഴ് കാറുകള്‍ പിടിച്ചെടുത്തു. വാഹനം അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് 2019 ല്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു വ്യവസായി വാങ്ങിയതായിട്ടാണ് പറയുന്നത്. ഞങ്ങളുടെ പരിശോധനയ്ക്കിടെ, സല്‍മാന്‍ ഖാന്‍ എന്ന വ്യക്തി കാര്‍ ഓടിക്കുകയായിരുന്നു. കാറുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. കാറിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. അതോടെ നിയമങ്ങള്‍ അനുസരിച്ച്‌ ഞങ്ങള്‍ കാര്‍ പിടിച്ചെടുത്തു. ” ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ ദ ഹിന്ദുവിനോട് വ്യക്തമാക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വാഹനങ്ങളുടെ ഉടമകളോട് രേഖകള്‍ നേരിട്ട് ഹാജരാക്കാന്‍ ആര്‍ടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ വ്യക്തമായ ഉടമസ്ഥാവകാശം കാണിക്കുന്ന ശരിയായ രേഖകളുമായി ഹാജരാകാനാണ് നിര്‍ദ്ദേശം. സാധുതയുള്ള രേഖകള്‍ ഉടമകള്‍ ഹാജരാക്കിയാല്‍ വാഹനങ്ങള്‍ വിട്ടയക്കും. രേഖകള്‍ തൃപ്തികരമല്ലെങ്കില്‍ ഈ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ ആവശ്യമായ നടപടികളിലേക്ക് കടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തിന് പുറത്തുള്ള രജിസ്ട്രേഷനുകളുള്ള കാറുകളുടെ കാര്യത്തില്‍ ഏറ്റവും കര്‍ശനമായ നിയമങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റോഡ് നികുതിയുള്ള സംസ്ഥാനം കൂടിയാണ് കര്‍ണാടകം. അതുകൊണ്ടു തന്നെ ലക്ഷക്കണക്കിന് രൂപ ലാഭിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാനാണ് മിക്ക കാര്‍ ഉടമകളും ഇഷ്ടപ്പെടുന്നത്. ഈ നടപടികളിലൂടെ, കര്‍ണാടക സര്‍ക്കാരിന് വലിയ വരുമാന നഷ്‍ടം സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് കര്‍ശന പരിശോധനയുമായി അധികൃതര്‍ രംഗത്തെത്തുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group