ബംഗളുരുവില്‍ ചെറിയൊരു കോഫി ഷോപ്പ് നടത്തുന്നയാളാണ് എസ്. പ്രഭാകർ. കഴിഞ്ഞ ദിവസം സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ഭാര്യയുടെ പേരിലുളള സേവിംഗ്സ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പ്രഭാകർ ഞെട്ടിപ്പോയി.ബാങ്കില്‍ നിന്ന് 999 കോടി രൂപ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയതു കണ്ടപ്പോള്‍ പ്രഭാകറിന് ആദ്യം അവിശ്വാസമാണ് തോന്നിയത്. തുടര്‍ന്ന് അക്കൗണ്ടിലെ പണം വീണ്ടും സ്ഥിരീകരിച്ചപ്പോള്‍ സ്വപ്ന സാക്ഷാത്കാരമായി അനുഭവപ്പെട്ടു
.എന്നാല്‍ താമസിയാതെ ഇക്കാര്യം അദ്ദേഹത്തിന് പേടിസ്വപ്നമായി മാറി. നടന്നത് പിഴവാണ് മനസിലാക്കിയ ബാങ്ക് 48 മണിക്കൂറിനുള്ളില്‍ അക്കൗണ്ട് മരവിപ്പിച്ചു. തെറ്റായി ക്രെഡിറ്റ് ചെയ്ത പണം ബാങ്ക് പിൻവലിച്ചു. അക്കൗണ്ടില്‍ പ്രാഥമിക ഇടപാടുകള്‍ പോലും നടത്താൻ കഴിയാതെ പ്രഭാകർ വിഷമത്തിലാകുകയും ചെയ്തു. ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ (ഐ.ഐ.എം) സമീപമാണ് പ്രഭാകർ കോഫി ഷോപ്പ് നടത്തുന്നത്.
അക്കൗണ്ടില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ല:ചെറിയ കോഫി ഷോപ്പ് നടത്തുന്ന പ്രഭാകർ, പ്രവർത്തനങ്ങള്‍ തുടരാൻ അക്കൗണ്ടിലെ ദൈനംദിന ഇടപാടുകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാനാവുന്നില്ല. അക്കൗണ്ട് ആക്ടീവ് ആക്കണമെന്ന് താൻ ബാങ്കിനോട് ആവശ്യപ്പെട്ടതാണ്. പക്ഷെ ഉത്തരവാദിത്ത പൂര്‍ണമായ നടപടി അവരില്‍ നിന്ന് ഉണ്ടായില്ലെന്ന് പ്രഭാകർ പറഞ്ഞു.ബാങ്ക് സന്ദർശിക്കുകയും ഒന്നിലധികം ഇമെയിലുകള്‍ അയയ്ക്കുകയും ചെയ്തിട്ടും പ്രഭാകറിന് തൃപ്തികരമായ പ്രതികരണം ലഭിച്ചില്ല.
ഇത്തരമൊരു സുപ്രധാന പിശക് സംഭവിച്ചതില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നാണ് സാമ്ബത്തിക വിദഗ്ധർ പറയുന്നത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ഉടനെ പരിഹരിച്ചില്ലെങ്കില്‍ വിഷയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആ.ർബി.ഐ) യെ അറിയിക്കണമെന്ന് മൈ വെല്‍ത്ത് ഗ്രോത്ത്.കോമിന്റെ സഹസ്ഥാപകൻ ഹർഷാദ് ചേതൻവാല പറഞ്ഞു.അതേസമയം നിലവില്‍ പ്രഭാകറിന് അക്കൗണ്ട് ബാലൻസ് ദൃശ്യമാണ്. പക്ഷെ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല. ബാങ്ക് ഉടനെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രഭാകര്‍ പറഞ്ഞു.
ഗേള്‍ഫ്രണ്ടിനൊപ്പം കറങ്ങാൻ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു; മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
പെണ്‍സുഹൃത്തിനെ റൈഡിന് കൊണ്ടുപോകാൻ വേണ്ടി ആഢംബര കാർ മോഷ്ടിച്ച സംഭവത്തില്‍ ഉത്തർപ്രദേശില്‍ മൂന്നുപേർ അറസ്റ്റില്‍.ശ്രേയ്, അനികേത് നഗർ, ദിപാൻഷു ഭാട്ടി എന്നീ യൂണിവേഴ്സിറ്റി വിദ്യാർഥികളാണ് അറസ്റ്റിലായതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.സുഹൃത്തിനെ സഹായിക്കാൻ വേണ്ടിയാണ് മറ്റു രണ്ടു സുഹൃത്തുക്കളും കാർ മോഷണത്തിനിറങ്ങിയത്. സുഹൃത്തിന്റെ കാമുകിയെ റൈഡിന് കൊണ്ടു പോകാനായിരുന്നു കാർ മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്.ഒക്ടോബർ 26-നായിരുന്നു സംഭവം.
ഗ്രേറ്റർ നോയിഡയിലെ കാർ ബസാറിലെ ഷോറുമില്‍ നിന്നുള്ള കാറാണ് മോഷ്ടിച്ചത്. രണ്ടുപേർ ഷോറൂമിലെ ജീവനക്കാരനോട് ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുകയായിരുന്നു. ഷോറൂമില്‍ നിന്ന് കാറുമായി ജീവനക്കാരൻ പുറത്തിറങ്ങും നേരത്ത്, ഇരുവരും ഗേറ്റിനരികെ ഹെല്‍മെറ്റ് ധരിച്ച് കാത്തിരിക്കുകയായിരുന്നു. വാഹനത്തില്‍ ഇരുവരും കയറിയ ശേഷം ഒരാള്‍ ഡ്രൈവറുടെ സീറ്റിലും മറ്റേ ആള് തൊട്ടടുത്തുള്ള സീറ്റിലും ഇരുന്നു. ഇതിന്റെ സി.സി.ടിവി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ശേഷം പകുതിയില്‍ വെച്ച് ഡ്രൈവറെ വെളിയില്‍ തള്ളി കാറുമായി കടന്നുകളയുകയായിരുന്നുവെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്. സുഹൃത്തിന്റെ പെണ്‍സുഹൃത്തിന് റൈഡിന് വേണ്ടിയാണ് കാർ മോഷ്ടിച്ചതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.നൂറോളം സി.സി.ടിവി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. തുടർന്ന് പോലീസ് കാർ കണ്ടെത്തിയിരുന്നു. കാറിന്റെ ഗ്ലാസ്സില്‍ നഗർ എന്നും എഴുതിയിരുന്നു. തുടർന്ന് മുന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു