ബെംഗളൂരു: തന്റെ മകന്റെ മൃതദേഹം എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്ന് ചൊവ്വാഴ്ച യുക്രൈനിലെ ഖാര്‍കിവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീനിന്റെ പിതാവ് ശേഖര്‍ ഗ്യാന ഗൗഡര്‍.
മൃതദേഹം എന്ന് കൊണ്ടുവരുമെന്നതിനെ കുറിച്ച് ഇതുവരേയും ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും ജാതി സംവരണവും കൈക്കൂലിയും കാരണമാണ് തന്റെ മകന് ഇവിടെ സീറ്റ് ലഭിക്കാതിരുന്നതെന്നും ശേഖര്‍ കുറ്റപ്പെടുത്തി.
ഈ രാജ്യത്തെ ദരിദ്രര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം താങ്ങാനാവുന്നതായിരുന്നെങ്കില്‍, എന്തിനാണ് ഞാന്‍ എന്റെ മകനെ യുക്രൈനിലേക്ക് അയക്കേണ്ടി വന്നതെന്നും അദ്ദേഹം ചോദിച്ചു. പത്താം ക്ലാസില്‍ 96 ശതമാനവും പ്ലസ് ടുവില്‍ 97 ശതമാനവും മാര്‍ക്ക് നേടിയ പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു നവീനെന്നും പിതാവ് പറഞ്ഞു. ഒരിക്കലും പഠനത്തിനായി നവീനിന് ട്യൂഷന്‍ ഏര്‍പ്പാടാക്കേണ്ടി വന്നിരുന്നില്ല. ചെലവേറിയ മെഡിക്കല്‍ വിദ്യാഭ്യാസവും ‘ജാതി വിവേചനവും’ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുക്രൈന്‍ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളാണെന്ന് നവീനിന്റെ പിതാവ് പറഞ്ഞു.
മെഡിക്കല്‍ സീറ്റ് ഉറപ്പാക്കാന്‍ ഒരാള്‍ക്ക് കോടിക്കണക്കിന് രൂപ ‘കൈക്കൂലി’ നല്‍കേണ്ടിവരുന്നു ഇത് മെഡിക്കല്‍ വിദ്യാഭ്യാസം പലര്‍ക്കും ബുദ്ധിമുട്ടുള്ള ഓപ്ഷനായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയിലും വിദ്യാഭ്യാസ സമ്ബ്രദായത്തിലും ജാതീയതയിലും ഞാന്‍ നിരാശനാണ്. എല്ലാം സ്വകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. യുക്രൈനില്‍ ഏതാനും ലക്ഷം രൂപയില്‍ വിദ്യാഭ്യാസം സാധ്യമാകുമ്ബോള്‍, എന്തിനാണ് ഇവിടെ കോടികള്‍ ചെലവഴിക്കുന്നത്. അവിടെ (യുക്രൈന്‍) വിദ്യാഭ്യാസം വളരെ മികച്ചതാണ്. ഇന്ത്യയെ അപേക്ഷിച്ച് ഉപകരണങ്ങള്‍ പോലും മികച്ചതാണ്, കോളേജും അധ്യാപനവും മികച്ചതാണ്,’ അദ്ദേഹം പറഞ്ഞു.
തന്റെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങിയാണ് നവീനിനെ എം ബി ബി എസ് പഠിക്കാന്‍ യുക്രൈനിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലും കുറഞ്ഞ വിദ്യാഭ്യാസ ചെലവില്‍ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. റാണെബെന്നൂരിലെ സെന്റ് ലോറന്‍സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നവീന്‍ മൈസൂരില്‍ ഹൈസ്‌കൂളും പ്ലസ്ടുവും പൂര്‍ത്തിയാക്കിയത്. നഞ്ചന്‍കോട് താലൂക്കിലെ ദബൂര്‍ വില്ലേജിലെ ആദര്‍ശ സ്‌കൂളിലാണ് നവീന്‍ പഠിച്ചത്. ആറ് മാസം മുമ്ബ് നവീന്‍ നാട്ടിലെത്തി സുഹൃത്തുക്കളെയും സ്‌കൂളും സന്ദര്‍ശിച്ചിരുന്നു.
2015-16ല്‍ എസ് എസ് എല്‍ സിയില്‍ സ്‌കൂളില്‍ ടോപ്പറായിരുന്നു നവീന്‍. ഹാവേരി ജില്ലയിലെ ചളഗേരിയില്‍ നിന്നുള്ള നവീന്‍ യുക്രൈനിലെ ഖാര്‍കിവ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. അബുദാബിയില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശേഖര്‍ ഗൗഡര്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇന്ത്യയില്‍ തിരിച്ചെത്തി നഞ്ചന്‍ഗുഡിലെ സൗത്ത് ഇന്ത്യ പേപ്പര്‍ മില്‍സ് ലിമിറ്റഡില്‍ ജോലി ചെയ്തു വരികയായിരുന്നു. അതേസമയം മൂന്നോ നാലോ ദിവസത്തിനകം നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കുടുംബത്തെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശേഖറിനെ വിളിച്ച് നവീനിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. കാര്‍കിവില്‍ പോരാട്ടം തുടരുന്നതിനാല്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മകന്റെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ക്രമീകരണം ചെയ്യുമെന്ന് മോദി ഉറപ്പുനല്‍കിയതായി ശേഖര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് യുക്രൈനിലെ കാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ജ്ഞാനഗൗഡര്‍ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്ബോഴാണ് ഷെല്ലാക്രമണം നടന്നത് എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
ബെംഗളൂരു: എടിഎം കവർച്ചാ ശ്രമം, രണ്ടു പേർ അറസ്റ്റിൽ
രതിപുഷ്പം: 80കളുടെ ഡിസ്ക്കോയ്ക്ക് ട്രിബ്യൂറ്റ് ഒരുക്കിയ ഭീഷ്മ ഗാനം സൂപ്പർഹിറ്റ്…