ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയിലെ ദുരിതയാത്രയും ചെന്നൈയിലേക്കുള്ള ജിഎസ്ടി റോഡിലെ തിരക്കും മടുത്ത പ്രൊഫഷണലുകള്‍ക്ക് ഒരു പ്രതീക്ഷയാണ് വരാനിരിക്കുന്ന ബെംഗളൂരു-ചെന്നൈ അതിവേഗ ബുള്ളറ്റ് ട്രെയിൻ.കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ത്യയുടെ അതിവേഗ റെയിലിന്റെ അടുത്ത ഘട്ടം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ഇടനാഴികളില്‍ ദക്ഷിണേന്ത്യയുടെ സാമ്പത്തിക ഭൂമിശാസ്ത്രത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ബെംഗളൂരു-ചെന്നൈ ബുളളറ്റ് ട്രെയിൻ പാതയുമുണ്ട്.മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗതയില്‍ രാജ്യത്തിന്റെ സാങ്കേതിക-വാഹന തലസ്ഥാനങ്ങളെ 73 മിനിറ്റിനുള്ളില്‍ ഈ ട്രെയിനുകള്‍ ബന്ധിപ്പിക്കും. റോഡ് യാത്ര ഒരു ദിവസം മുഴുവനെടുക്കുമ്പോള്‍ നിലവിലെ ട്രെയിൻ യാത്രയും വിലപ്പെട്ട സമയം അപഹരിക്കുന്നു. 4,000 കിലോമീറ്ററിലധികം വ്യാപ്തിയുള്ള ശൃംഖല ഡല്‍ഹി-വാരണാസി യാത്ര മൂന്നര മണിക്കൂറായും മുംബൈ-പൂനെ യാത്ര 48 മിനിറ്റായും ചുരുക്കി രാജ്യത്തെ അടുപ്പിക്കും.ബെംഗളൂരു-ചെന്നൈ അതിവേഗ പാത തമിഴ്, കന്നഡ ട്വിറ്റർ ലോകത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചു. വൈറ്റ്ഫീല്‍ഡിലെ ഐടി ഇടനാഴികള്‍ക്കും ശ്രീപെരുമ്പത്തൂരിലെ വ്യാവസായിക ഹബ്ബുകള്‍ക്കും ഇത് യാത്രാസൗകര്യം മാത്രമല്ല. ഇരു നഗരങ്ങളിലും പുതിയ സാമ്പത്തിക മുന്നേറ്റങ്ങള്‍ക്കും വേഗത്തിലുള്ള യാത്ര വഴിയൊരുക്കും, ഒരൊറ്റ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുമെന്നും വിലയിരുത്തപ്പെടുന്നു.പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ പദ്ധതികള്‍ വൈകുന്നത് കണ്ടു മടുത്ത പൊതുജനം ഈ പ്രഖ്യാപനത്തെ പ്രതീക്ഷയും സംശയവും പരിഹാസവും ഇടകലർന്നാണ് സോഷ്യല്‍ മീഡിയയില്‍ വരവേറ്റത്. വാർത്ത പ്രചരിച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ മടുപ്പ് പ്രകടം. “ഈ ആളുകള്‍ കാര്യങ്ങള്‍ കൃത്യമായി പ്രഖ്യാപിക്കുകയേ ചെയ്യൂ അതോ എന്തെങ്കിലും വിശദാംശങ്ങള്‍ നല്‍കുമോ?” എന്നാണ് ഒരാളുടെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം.
ചില സാങ്കേതിക വിദഗ്ദ്ധർരും പ്രായോഗിക പ്രശ്നങ്ങള്‍ പങ്കുവെച്ച് മുന്നോട്ട് വന്നിട്ടുണ്ട്. “നിലവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ഏകദേശം 220 kmph വേഗതയില്‍ എത്താം. പരിമിതി റെയില്‍ പാളങ്ങളാണ്. നിലവിലുള്ള ഇടനാഴികള്‍ നവീകരിക്കുകയും അനാവശ്യ സ്റ്റോപ്പുകള്‍ ഒഴിവാക്കുകയും ചെയ്താല്‍, അതിവേഗ റെയിലിന്റെ വലിയ സാമ്പത്തികച്ചെലവില്ലാതെ സമാനമായ ഫലം നേടാനാകും. തീർച്ചയായും, അത് കൂടുതല്‍ യുക്തിസഹമായ മാർഗ്ഗമായിരിക്കും”.പദ്ധതി ഉദ്ഘാടനങ്ങളിലെ കാലതാമസവും സമയം മാറ്റിവെക്കലുകളും മടുത്ത ജനങ്ങളില്‍ നിന്നും മറ്റ് ചില ചോദ്യങ്ങളും ഉയരുന്നു. “ഈ പദ്ധതി 2099-ഓടെ പ്രതീക്ഷിക്കാമോ?” എന്ന് നിതീഷ് എന്നയാള്‍ ചോദിക്കുന്നു. “അടുത്ത 20 വർഷവും നമ്മള്‍ ഇത് കേട്ടുകൊണ്ടിരിക്കും” എന്ന് അൻബു സമ്പത്ത് പരിഹസിച്ചു. “ബെംഗളൂരു-ചെന്നൈ അതിവേഗ റെയിലിന് ഒരു പൂർത്തീകരണ തീയതിയുണ്ടോ?” എന്ന് റിഷു ചോദിച്ചു. “ഇനി 10 വർഷം കൂടി ഈ കഥ പറയും, എന്നിട്ട് പദ്ധതി പ്രായോഗികമല്ലെന്ന് പറയും” എന്ന് രഘു എന്നയാള്‍ കമന്റ് ചെയ്യുന്നു.രാഷ്ട്രീയപരമായ നിരാശയും സോഷ്യല്‍ മീഡിയാ ചർച്ചകളില്‍ ഉയർന്നു. “പ്രധാന ചോദ്യം എപ്പോഴാണ് എന്നത് മാത്രമാണ്! ആദ്യത്തെ ബുളളറ്റ് ട്രെയിൻ ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയില്‍ ആസൂത്രണം ചെയ്തിരുന്നെങ്കില്‍, അഞ്ച് വർഷത്തിനുള്ളില്‍ അത് പൂർത്തിയാകുമായിരുന്നു. അതിന്റെ വിജയം മറ്റുള്ളവയ്ക്കും പ്രചോദനമാകുമായിരുന്നു. സ്വന്തം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള രാഷ്ട്രീയക്കാരുടെ പ്രവണതയാണ് രാജ്യത്തിന്റെ വളർച്ചയെ തടയുന്നത്,” എന്ന് ശേഖർ ശ്രീകണ്ഠേശ്വരൻ ചൂണ്ടിക്കാട്ടി.റെയില്‍വേ മന്ത്രാലയം സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍, ബെംഗളൂരു-ചെന്നൈ ഇടനാഴി പ്രതീക്ഷയുടെയും പ്രായോഗികതയുടെയും കവലയിലാണ്. 73 മിനിറ്റ് യാത്ര ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതരീതിയെ മാറ്റിമറിക്കാനും കോറമാണ്ടല്‍ തീരം മുതല്‍ ഡെക്കാൻ പീഠഭൂമി വരെ വളർച്ചയ്ക്ക് ഉത്തേജനം നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍, വലിയ പ്രഖ്യാപനങ്ങളില്‍ മടുത്ത ജനതയ്ക്ക് വേണ്ടത് ഇപ്പോള്‍ പ്രവർത്തനങ്ങളാണ് വെറും പദ്ധതി പ്രഖ്യാപനങ്ങളല്ല എന്നാണ് സോഷ്യല്‍ മീഡിയാ ചർച്ചകള്‍ വ്യക്തമാക്കുന്നത്.