Home Featured ബോര്‍ഡുകളില്‍ 60 ശതമാനം കന്നട;നഗരത്തിൽ കാലാവധി തീര്‍ന്നിട്ടും മാറ്റാതെ 625 കടകള്‍

ബോര്‍ഡുകളില്‍ 60 ശതമാനം കന്നട;നഗരത്തിൽ കാലാവധി തീര്‍ന്നിട്ടും മാറ്റാതെ 625 കടകള്‍

ബൃഹത് ബംഗളൂരു മഹാ പാലികെ (ബി.ബി.എം.പി) പരിധിയിലെ സ്ഥാപനങ്ങളുടെ ബോർഡുകളില്‍ 60 ശതമാനം കന്നടയാവണമെന്ന നിർദേശം നീട്ടിയ കാലാവധി കഴിഞ്ഞിട്ടും പൂർണമായി നടപ്പായില്ല.49,732 കടകള്‍ക്ക് നോട്ടീസ് നല്‍കിയതില്‍ 625 എണ്ണം ഒരു നടപടിയും സ്വീകരിച്ചില്ല. ബി.ബി.എം.പി നിർദേശമനുസരിച്ച്‌ കഴിഞ്ഞ മാസം 28നകം എല്ലാ ബോർഡുകളും മാറ്റേണ്ടതായിരുന്നു.വ്യാപാരികളുടെയും മറ്റു സ്ഥാപന ഉടമകളുടെയും അഭ്യർഥന മാനിച്ച്‌ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രണ്ടാഴ്ച സമയം നീട്ടിനല്‍കിയിരുന്നു.

ആ സമയവും അവസാനിച്ചു. പെട്ടെന്ന് ബോർഡുകളില്‍ മാറ്റം വരുത്താൻ പ്രയാസം അറിയിച്ച സ്ഥാപനം അധികൃതർ ഇംഗ്ലീഷ് ബോർഡുകള്‍ താല്‍ക്കാലികമായി മറച്ചിട്ടുണ്ടെന്ന് മഹാപാലിക അധികൃതർ പറഞ്ഞു. തീരെ അവഗണിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും.

സീറ്റ് നിര്‍ണയം; വിമത സ്വരത്തില്‍ പുകഞ്ഞ് കര്‍ണാടക ബി.ജെ.പി

ലോക്സഭ സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി കർണാടക ബി.ജെ.പിയില്‍ അസ്വാരസ്യം പുകയുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ശേഷം കലഹം പതിവായ പാർട്ടിയില്‍ വിമതസ്വരം ഏറുന്നുവെന്നതാണ് പുതിയ സംഭവവികാസങ്ങളില്‍ തെളിയുന്നത്.മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നല്‍കാത്തതിനെതിരെ പരസ്യമായി രംഗത്തുവന്ന മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ, മകനെ ഹാവേരിയില്‍ ബി.ജെ.പി വിമതനായി മത്സരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. യെദിയൂരപ്പ ഉറപ്പുനല്‍കിയിരുന്നതായും എന്നാല്‍, സീറ്റ് നല്‍കാതെ വഞ്ചിച്ചതായും ഈശ്വരപ്പ ആരോപിക്കുന്നു. ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി വെള്ളിയാഴ്ച ശിവമൊഗ്ഗയില്‍ അദ്ദേഹം അനുയായികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഹാവേരി സീറ്റില്‍ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കാണ് ബി.ജെ.പി ടിക്കറ്റ് നല്‍കിയത്.

ഹാവേരിയിലോ ശിവമൊഗ്ഗയിലെ മകനെ മത്സരിപ്പിക്കാനാണ് ഈശ്വരപ്പയുടെ നീക്കം. ഒമ്ബത് സിറ്റിങ് എം.പിമാരെ തഴഞ്ഞ് നേതൃത്വം കർണാടകയിലെ ആദ്യ പട്ടിക കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടിരുന്നു. 28 മണ്ഡലങ്ങളില്‍ 20 സീറ്റിലേക്ക് സ്ഥാനാർഥികളെ നിശ്ചയിച്ചപ്പോള്‍ പല പ്രമുഖരെയും തഴഞ്ഞു. ബംഗളൂരു നോർത്ത് എം.പിയും മുൻ മുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ, പാർട്ടി മുൻ കർണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എം.പിയുമായ നളിൻ കുമാർ കട്ടീല്‍, പാർലമെന്റ് ആക്രമണ കേസിലെ പ്രതികള്‍ക്ക് പാസ് സംഘടിപ്പിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ തുടങ്ങിയവരെയാണ് തഴഞ്ഞത്.

മൈസൂരു രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറിനാണ് മൈസൂർ മണ്ഡലത്തില്‍ നിയോഗം. ആഡംബര ജീവിതം നയിക്കുന്നവർ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കായി താഴെയിറങ്ങുന്നതിനെ നമ്മള്‍ സ്വാഗതം ചെയ്യണമെന്ന പരിഹാസമാണ് യദുവീറിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള പ്രതാപ് സിംഹയുടെ പ്രതികരണം. തന്നെ തഴഞ്ഞ പാർട്ടി തീരുമാനം വോട്ടില്‍ പ്രതിഫലിക്കുമെന്ന് സദാനന്ദ ഗൗഡ മുന്നറിയിപ്പ് നല്‍കി. കർണാടകയിലെ പ്രബല സമുദായങ്ങളിലൊന്നായ വൊക്കലിഗരില്‍നിന്നുള്ള മുതിർന്ന നേതാവാണ് സദാനന്ദ ഗൗഡ. 12 ജില്ലകളില്‍ നിർണായക സ്വാധീനമുള്ള വോട്ടുബാങ്കാണ് വൊക്കലിഗർ.

ഉഡുപ്പി-ചിക്കമഗളൂരു സീറ്റില്‍നിന്ന് ശോഭ കരന്ത്‍ലാജെയെ പുറത്തുചാടിക്കാൻ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി അടക്കമുള്ള നേതാക്കള്‍ നടത്തിയ നീക്കവും ഫലംകണ്ടു. ശോഭക്കെതിരെ പാർട്ടി അണികള്‍ തെരുവിലിറങ്ങിയിരുന്നു. മണ്ഡലം മാറിയെങ്കിലും സദാനന്ദ ഗൗഡയുടെ സീറ്റിലേക്ക് മറ്റൊരു വൊക്കലിഗ നേതാവായ ശോഭയെ സുരക്ഷിതമായി ഇരുത്താൻ യെദിയൂരപ്പ ചരടുവലിച്ചു. സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ എതിർപ്പ് മറികടന്ന് ഹാവേരിയില്‍ ബൊമ്മൈക്കും ചാമരാജ് നഗറില്‍ ബല്‍രാജിനും സീറ്റുറപ്പിച്ചതും യെദിയൂരപ്പയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group