ബെംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരേയും പോലീസുകാരേയും പോളിങ് ഉപകരണങ്ങളും ബൂത്തുകളിലേക്ക് എത്തിക്കാനായി 5500-കർണാടക ആർ.ടി.സി., ബി.എം.ടി.സി. ബസുകൾ ഉപയോഗിക്കും.ചൊവ്വാഴ്ചയും വോട്ടെടുപ്പ് ദിനമായ ബുധനാഴ്ചയുമാണ് ബസുകൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടഓട്ടത്തിന് നിയോഗിക്കുക.
ഇതിനുപുറമേ ടാക്സികളും വാടകയ്ക്കെടുക്കും.ബി.എം.ടി.സി.യുടെ 1868 ബസുകളും കർണാടക ആർ.ടി.സി.യുടെ 3700 ബസുകളുമാണ് തിരഞ്ഞെടുപ്പിന് നിയോഗിക്കുകയെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.ബസുകൾ തിരഞ്ഞെടുപ്പ് ഓട്ടത്തിന് പോകുന്നതോടെ രണ്ടുദിവസം സംസ്ഥാനത്ത് കടുത്ത യാത്രാദുരിതമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഗ്രാമീണ മേഖലകളിൽ ഭൂരിഭാഗം യാത്രക്കാരും ആശ്രയിക്കുന്നത് ട്രാൻസ്പോർട്ട് ബസുകളാണ്. ബസില്ലാതാകുന്നതോടെ വോട്ടർമാർക്ക് ബൂത്തുകളിലെത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ആശങ്കയുണ്ട്.അതേസമയം, ഭിന്നശേഷിവോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ ബെംഗളൂരുവിൽ ബി.ബി.എം.പി. ഒല, ഉബർ തുടങ്ങിയ ഓൺലൈൻ ടാക്സിസർവീസുകളുമായി കരാറിലെത്തിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പിലൂടെയാണ് ഇതിന് അപേക്ഷിക്കേണ്ടത്.
ബെംഗളൂരു: തിരഞ്ഞെടുപ്പ് ദിവസം മെട്രോ സർവീസ് നീട്ടി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം നമ്മ മെട്രോ സർവീസ് സമയം നീട്ടി. ബുധനാഴ്ച മജെസ്റ്റിക് സ്റ്റേഷനിൽനിന്നുള്ള അവസാന മെട്രോ തീവണ്ടി രാത്രി 12.35-നായിരിക്കും. ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷ്ണരാജപുര, വൈറ്റ്ഫീൽഡ് എന്നീ സ്റ്റേഷനുകളിൽനിന്നുള്ള അവസാന മെട്രോ രാത്രി 12.05-നാകുമെന്നും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.
തിരഞ്ഞെടുപ്പു ഡ്യൂട്ടി ആവശ്യങ്ങൾക്കായി കർണാടക ആർ.ടി.സി., ബി.എം.ടി.സി. ബസുകൾ കൂടുതലായി സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് മെട്രോ സർവീസ് സമയം നീട്ടിയത്.