ബെംഗളൂരു : പ്രണയദിനത്തോടനുബന്ധിച്ച് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളംവഴി അന്താരാഷ്ട്ര വിപണികളിലേക്കും രാജ്യത്തെ വിവിധനഗരങ്ങളിലേക്കും കയറ്റി അയച്ചത് 4.4 കോടി റോസാപ്പൂ. 22 അന്താരാഷ്ട്ര വിപണികളിലേക്കും 38 ആഭ്യന്തര വിപണികളിലേക്കുമായി 1,649 മെട്രിക് ടൺ റോസാപ്പൂക്കൾ അയച്ചു.കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം 1,222 മെട്രിക് ടൺ തൂക്കം വരുന്ന 2.9 കോടി റോസാപ്പൂ ആയിരുന്നു കയറ്റി അയച്ചത്.
അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതിയിൽ റോസാപ്പൂ എണ്ണത്തിൽ 86 ശതമാനവും തൂക്കത്തിൽ 51 ശതമാനവും വർധനവുണ്ടായി. സിങ്കപ്പൂർ, ക്വലാലംപുർ, ഷാർജ, കുവൈറ്റ്, ഓക്ക്ലൻഡ്, അമ്മാൻ, മനില, റിയാദ്, കൊളംബോ, അബുദാബി തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കാണ് കയറ്റുമതി ചെയ്തത്.
ആഭ്യന്തരവിപണിയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ജെയ്‌പുർ, ഉദയ്പുർ, അഹമ്മദാബാദ്, അഗർത്തല, ഛണ്ഡീഗഢ് തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു കൂടുതൽ കയറ്റി അയച്ചത്. ആഭ്യന്തര വിപണിയിൽ തൂക്കത്തിൽ 32 ശതമാനം വർധനവുണ്ടായി.
പ്രണയദിനത്തോടനുബന്ധിച്ചുള്ള വിപണിയിലേക്കായി ബെംഗളൂരുവിലും സമീപജില്ലകളിലും വൻതോതിൽ റോസാപ്പൂക്കൃഷി നടത്തുന്നുണ്ട്. മികച്ച ഗുണനിലവാരം പുലർത്തുന്ന ഈ റോസാപ്പൂക്കൾക്ക് വിപണിയിൽ വൻ സ്വീകാര്യതയാണ്. പ്രണയദിനത്തിൽ റോസാപ്പൂവിന്റെ ആവശ്യം മനസിലാക്കിക്കൊണ്ട് ഓരോ പൂവും അതിൻ്റെ പുതുമയോടെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ബെംഗളൂരു വിമാനത്താവളം ഉറപ്പാക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറി’; വീടുകയറി ആക്രമണം നടത്തി യുവാവ്, വാഹനങ്ങളും അടിച്ചുതകർത്തു
നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന അവകാശവാദവുമായി യുവാവ് നാട്ടിൽ അക്രമം അഴിച്ചുവിട്ടു. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. പ്രദേശത്തെ മൂന്ന് യുവാക്കളെ അകാരണമായി വീട്ടിൽക്കയറി മർദ്ദിക്കുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയുമായിരുന്നു.
അനീഷ് എന്ന യുവാവാണ് അക്രമം നടത്തിയത്. ഇയാൾ ക്ഷേത്രത്തിലെ പൂജാരിയെന്നാണ് പറയുന്നത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് രാത്രി പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആറാലുംമൂട് ഗോപൻ സ്വാമിയുടെ ആത്മാവ് തന്റെ ശരീരത്തിൽ കയറിയെന്ന് ഇയാൾ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലും ഇയാൾ അക്രമാസക്തനായി. പൊലീസുമായി പിടിവലിയുണ്ടാവുകയും ചെയ്തു. മർദ്ദനമേറ്റ മൂന്ന് യുവാക്കൾക്കും പരിക്കുണ്ട്. വാഹനങ്ങൾക്കും കേടുപാടുകളുണ്ട്.
അതേസമയം, ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മുഖത്തും മൂക്കിലും തലയിലുമടക്കം ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് സൂചന.
ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ വൃക്കകളിൽ സിസ്റ്റും ഹൃദയധമനികളിൽ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. രാസപരിശോധനാഫലം വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. ജനുവരി ഒൻപതിനാണ് ഗോപൻ മരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയെന്നായിരുന്നു ഇയാളുടെ മക്കൾ പറഞ്ഞത്. മരണത്തിൽ സംശയമുന്നയിച്ച് നാട്ടുകാർ പരാതി നൽകി. പിന്നാലെ ഹൈക്കോടതിയടക്കം സംഭവത്തിൽ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു.