മംഗ്ളുറു;വാമഞ്ചൂര്‍ ഉലൈബെട്ടു പറാറിയില്‍ രാജ് ഓട് ഫാക്ടറി പരിസരത്ത് ഓടയില്‍ എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ് പെന്ന ജില്ലക്കാരായ ജയ് സിങ് (21), മുകേഷ് സിങ് (20), മുനീഷ് സിങ് (20), ഝാര്‍ഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് ടിര്‍കി (33) എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷനര്‍ എന്‍ ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മധ്യപ്രദേശ് സ്വദേശികള്‍ പറാറി ഓട് കമ്ബനിയില്‍ തൊഴിലാളികളാണ്. ഝാര്‍ഖണ്ഡുകാരന്‍ പുത്തൂരില്‍ കൂലിത്തൊഴില്‍ ചെയ്യുന്നു. ഈമാസം 21ന് ഓട് കമ്ബനിക്ക് പുറത്തു കളിക്കുകയായിരുന്ന കുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കമീഷനര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കുട്ടി മരിച്ചു.
ഓട് കമ്ബനിയില്‍ തൊഴിലാളികളായ ദമ്ബതികളുടെ മകള്‍ സംഭവദിവസം ഉച്ച ഭക്ഷണം കഴിച്ച് കളിക്കാന്‍ പോയതായിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലില്‍ വൈകുന്നേരം ആറോടെ ഫാക്ടറി പരിസരത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പലതവണ കുട്ടിയെ മിഠായി കാണിച്ച് പ്രതികള്‍ അവരുടെ മുറിയിലേക്ക് വിളിച്ചെങ്കിലും വഴങ്ങിയിരുന്നില്ലെന്നും ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും കമീഷനര്‍ കൂട്ടിച്ചേര്‍ത്തു.വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂടി പൊലീസ് കമീഷനര്‍മാരായ ഹരിറാം ശങ്കര്‍, ദിനേശ് കുമാര്‍, അസി.കമീഷനര്‍ രഞ്ജിത് ഭണ്ഡാരു, രവിശ് നായക് എന്നിവര്‍ പങ്കെടുത്തു.