മൈസൂരു: മൈക്രോ ഫിനാൻസ് കമ്പനിക്കാരുടെ ഭീഷണിയെത്തുടർന്ന് കർണാടകത്തിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നാലുപേർ ജീവനൊടുക്കി.നഞ്ചൻകോട് താലൂക്കിലെ മാൽക്കുൻഡി വില്ലേജിലെ കൃഷ്ണമൂർത്തി (32), അമ്പ വില്ലേജിലെ ജയശീല (53), ദാവണഗെരെ ജില്ലയിലെ ഹൊന്നാലിയിലെ ഗവ. സ്കൂൾ അധ്യാപികയായ പുഷ്പലത (46), മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട് താലൂക്കിലെ ലോഹിത് കുമാർ എന്ന നവീൻ (35) എന്നിവരാണ് ആത്മഹത്യചെയ്തത്. കൃഷ്ണമൂർത്തി അഞ്ച് മൈക്രോ ഫിനാൻസ് കമ്പനികളിൽനിന്ന് വായ്‌പകളെടുത്തിരുന്നു. ബൈക്ക് വിറ്റ് കടം വീട്ടിയെങ്കിലും പലിശയിനത്തിൽ കൂടുതൽ തുക കിട്ടാനുണ്ടെന്നുപറഞ്ഞ് കമ്പനി ഏജന്റുമാർ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
പലിശ ഉടൻ അടച്ചില്ലെങ്കിൽ വീട് ജപ്തിചെയ്യുമെന്ന് ഭീഷണിയും മുഴക്കി. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കൃഷ്ണമൂർത്തിയുടെ ഭാര്യ പറഞ്ഞു. സംഭവത്തിൽ അഞ്ച് മൈക്രോ ഫിനാൻസ് കമ്പനിക്കാർക്കെതിരേ കേസെടുത്തതായി നഞ്ചൻകോട് ഡിവൈ.എസ്.പി. രഘു പറഞ്ഞു.ജയശീല കൃഷിയാവശ്യത്തിനായി അഞ്ചുലക്ഷമായിരുന്നു കടമെടുത്തത്. എന്നാൽ, കൃത്യമായി മാസത്തവണ അടയ്ക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഏജന്റുമാരുടെ ഭീഷണിയെത്തുടർന്ന് ഇവർ വീട്ടിനകത്ത് വിഷംകഴിച്ച് ജീവനൊടുക്കുകയായിരുന്നു. അധ്യാപികയായ പുഷ്പലത ചൊവ്വാഴ്‌ച രാവിലെ തുംഗഭദ്ര പുഴയിൽച്ചാടിയാണ് മരിച്ചത്.
വീട് നിർമാണത്തിനായി ഇവർ രണ്ട് കമ്പനികളിൽനിന്ന് 60 ലക്ഷംരൂപ വായ്‌പയെടുത്തിരുന്നു. പലിശ കൃത്യമായി അടയ്ക്കാൻ സാധിക്കാത്തതിനാൽ ഇവരെ ഏജന്റുമാർ സ്‌കൂളിലും വീട്ടിലുമെത്തി ഭീഷണിപ്പെടുത്താറുണ്ടെന്ന് ഭർത്താവ് ഹലേഷ് പറഞ്ഞു. വീടുവിറ്റ് കടംവീട്ടാൻ കുടുംബം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പുഷ്പലത പുഴയിൽച്ചാടി ജീവനൊടുക്കിയത്. ഞായറാഴ്ച ഉച്ചമുതൽ ഇവരെ കാണാതായിരുന്നു. സംഭവത്തിൽ ഹൊന്നാലി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്.
പലിശയടക്കം നവീൻ ഏഴുലക്ഷമായിരുന്നു മൈക്രോ ഫിനാൻസ് കമ്പനിക്ക് നൽകാനുണ്ടായിരുന്നത്. പലിശയിൽ വീഴ്ചവരുത്തിയതിനെത്തുടർന്ന് കമ്പനി ഏജന്റ് ഇയാളുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഞായറാഴ്ച രാവിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതായി കെ.ആർ. പേട്ട് പോലീസ് അറിയിച്ചു.
നടിക്കെതിരായ അധിക്ഷേപ പരാമർശം; രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി, ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കി മാത്രമെ വിളിപ്പിക്കാവൂവെന്ന് ഹൈക്കോടതി
നടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നോട്ടിസ് നല്‍കി മാത്രമേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂയെന്നും പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതമാരുടെ പേര് വെളിപ്പെടുത്തരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ ഹൈക്കോടതി വിമര്‍ശിച്ചത്.
ലൈംഗികാതിക്രമ കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തരുത്. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹർജി പരിഗണിക്കവേ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി നടി രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുകയാണ്.
നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ കേസിൽ രാഹുൽ പ്രതിയല്ലെന്നും അതിനാൽ ഹർജി തള്ളണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ചോദ്യം ചെയ്യലിന് മുൻകൂർ നോട്ടിസ് നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശം.