Home കർണാടക ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ട്: ഇത്തവണ കര്‍ണാടക രണ്ടും കല്‍പ്പിച്ച്‌, പരിഗണനയില്‍ ഈ 3 സ്ഥലങ്ങള്‍

ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ട്: ഇത്തവണ കര്‍ണാടക രണ്ടും കല്‍പ്പിച്ച്‌, പരിഗണനയില്‍ ഈ 3 സ്ഥലങ്ങള്‍

by ടാർസ്യുസ്

ബംഗളൂരു: ബംഗളൂരുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വേഗം കൂട്ടി കർണാടക സർക്കാർ.നിലവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎല്‍) തിരക്ക് കുറയ്ക്കുകയാണ് പുതിയ വിമാനത്താവളത്തിന്റെ ലക്ഷ്യം. യാത്രക്കാരുടെയും വിമാനങ്ങളുടേയും എണ്ണത്തിലുള്ള വർദ്ധനവ് കാരണം 2030ഓടെ കെംപഗൗഡ വിമാനത്താവളം അതിന്റെ പരമാവധി ശേഷിയിലെത്തും. ഈ സാഹചര്യത്തിലാണ് പുതിയ എയർപോർട്ടിനായുള്ള നീക്കങ്ങള്‍ സർക്കാർ ശക്തമാക്കിയത്.ദേവനഹള്ളിയിലെ നിലവിലെ വിമാനത്താവളത്തില്‍ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തില്‍ ഈ പ്രവർത്തനങ്ങള്‍ പര്യാപ്തമാവില്ല നഗരകേന്ദ്രത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരത്താണ് നിലവിലുള്ള വിമാനത്താവളം. തെക്ക്-പടിഞ്ഞാറൻ ബംഗളൂരു മേഖലയിലുള്ള യാത്രക്കാരെ സംബന്ധിച്ച്‌ ഇവിടേക്ക് എത്തിപ്പെടാൻ ദീർഘനേരെ യാത്ര നടത്തേണ്ടതായി വരും. ഇതെല്ലാം പരിഹരിക്കുകയാണ് പുതിയ എയർപോർട്ടിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

പുതിയ വിമാനത്താവളത്തിനായി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലായി മൂന്ന് സ്ഥലങ്ങളാണ് കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഐഡിസി) കണ്ടെത്തിയിരിക്കുന്നത്. തെക്കൻ ബെംഗളൂരുവിലെ കനകപുര റോഡിനോട് ചേർന്നുള്ള സോമനഹള്ളി, ചൂടഹള്ളി, പടിഞ്ഞാറൻ മേഖലയിലെ നെലമംഗല-കുനിഗല്‍ റോഡ് ഇടനാഴിയിലെ ചിക്കസോളൂരിന് സമീപമുള്ള സ്ഥലം എന്നിവയാണവ. ഈ സ്ഥലങ്ങളില്‍ എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പരിശോധന നടത്തിയിട്ടുണ്ട്. ഭൂമിയുടെ അവസ്ഥ, ഭൂപ്രകൃതി, കണക്റ്റിവിറ്റി, വിമാനത്താവള പ്രവർത്തനങ്ങള്‍ക്ക് മൊത്തത്തിലുള്ള അനുയോജ്യത തുടങ്ങിയ പ്രധാന ഘടകങ്ങളാണ് എഎഐ വിലയിരുത്തിയത്.തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മലയോര ഭൂപ്രകൃതി, നിരപ്പില്ലാത്ത പ്രതലങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകാവുന്ന തടസ്സങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ആശങ്കകള്‍ എഎഐ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തുള്ള വ്യോമയാന മേഖലകള്‍ കാരണം ഉണ്ടാകുന്ന വ്യോമാതിർത്തിയിലെ തിരക്കും പ്രവർത്തനങ്ങളെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. നിർദ്ദേശിച്ച ഏതെങ്കിലും സൈറ്റുകളില്‍ സുരക്ഷിതമായും കാര്യക്ഷമമായും വിമാനത്താവളം വികസിപ്പിക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കുന്നതിനായി ഈ വെല്ലുവിളികള്‍ വിശദമായി പഠിക്കും.വികസന സാധ്യത റിപ്പോർട്ടും വിശദമായ പ്രോജക്റ്റ് റിപ്പോർട്ടും (ഡിപിആർ) തയ്യാറാക്കാൻ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മൂന്നോ നാലോ കമ്പനികളാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.,

തിരഞ്ഞെടുപ്പ് പ്രക്രിയ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമാണോ എന്ന് സാധ്യത പഠനം നിർണയിക്കും. അതേസമയം, രൂപകല്‍പ്പന, ചെലവ്, സമയപരിധി, അടിസ്ഥാന സൗകര്യ ആസൂത്രണം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു വിശദമായ ബ്ലൂപ്രിന്റ് ഡിപിആർ നല്‍കും. കണ്‍സള്‍ട്ടന്റുമാർ തങ്ങളുടെ റിപ്പോർട്ടുകള്‍ നിയമനം കഴിഞ്ഞ് ഏകദേശം അഞ്ച് മാസത്തിനുള്ളില്‍ സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടുകളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, സ്ഥലത്തെയും പദ്ധതി രൂപകല്‍പ്പനയെയും സംബന്ധിച്ച്‌ സർക്കാർ അന്തിമ തീരുമാനമെടുക്കും. നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ അംഗീകാരവും ആവശ്യമാണ്.2033 ഓടെ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത് നഗരത്തിന്റെ ഭാവി വ്യോമയാന ആവശ്യം നിറവേറ്റാൻ സഹായിക്കും. രണ്ടാമത്തെ വിമാനത്താവളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും കാർഗോ, ലോജിസ്റ്റിക്സ് വളർച്ചയെ പിന്തുണയ്ക്കാനും കർണാടകയുടെ മൊത്തത്തിലുള്ള സാമ്പത്തിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്..

You may also like

error: Content is protected !!
Join Our WhatsApp Group