കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ കരിനിഴല്‍ വീഴ്ത്തിയ കണ്ണൂരിന്റെ മണ്ണിന്റെ പുതുതലമുറ നിസാരകാര്യങ്ങള്‍ക്കുപോലും ആയുധം കൈയിലേന്തുന്നത് സമാധാനപ്രേമികളെ ആശങ്കയിലാഴ്ത്തുന്നു.
മയക്കുമരുന്ന് കേസുകളുടെ അതിവ്യാപനത്തോടൊപ്പമാണ് അക്രമവവും കണ്ണൂരില്‍ പിടിമുറുക്കുന്നത്.കണ്ണൂരില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരിലും നിസാര തര്‍ക്കങ്ങളുടെയും പേരില്‍ നടക്കുന്നത്.
മാട്ടൂലിലെ ഹിഷാം, ആയിക്കരയിലെ ജസീര്‍, ഇപ്പോള്‍ ഏച്ചൂരിലെ ജിഷ്ണുവും അരും കൊലയ്ക്കിരയായി. സഹോദരന്റെ പ്രണയതര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനിടൊണ് പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ഹിഷാമിനെ കുത്തിക്കൊന്നത്. ഹൃദയത്തിനേറ്റ കുത്ത് ഹിഷാമിന്റെ ജീവന്‍ കവരുകയായിരുന്നു. രാത്രി വൈകി പയ്യാമ്ബലത്തെ ഹോട്ടല്‍പൂട്ടി ആയിക്കര വഴി സ്വന്തം വീടായ തായത്തെരുവിലേക്ക് വരുമ്ബോഴാണ് ജസീര്‍ കൊല്ലപ്പെട്ടത്.
ആയിക്കരയില്‍ കാര്‍ നിര്‍ത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ഇറക്കി ബൈക്കെടുക്കാന്‍ പോയസമയത്താണ്‌അവിടെയുണ്ടായിരുന്ന രണ്ടുയുവാക്കളുമായി കാര്‍ നിര്‍ത്തിയതിനെ ചൊല്ലി ജസീറുമായി തര്‍ക്കമുണ്ടായത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടു നെഞ്ചിന് കുത്തേറ്റ ജസീര്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്.
ഹൃദയത്തിന്റെ അറകള്‍ക്കു മുറിവേറ്റതാണ് മരണകാരണം. ഈ സംഭവത്തിന്റെ നടുക്കംമാറുന്നതിനിടെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തോട്ടടയില്‍ വീണ്ടും മറ്റൊരു കൊലപാതകം കൂടിയുണ്ടാകുന്നത്. മലേഷ്യയില്‍ നിന്നും അവധിക്ക് വന്ന തോട്ടടയിലെ മനോരമ ഓഫിസിനു പിന്‍വശത്തുള്ള ചാല പന്ത്രണ്ടുക്കണ്ടി റോഡില്‍ താമസിക്കുന്ന ഷമലിന്റെ താലികെട്ടു കഴിഞ്ഞു പടന്നപ്പാലത്തെ വധുഗൃഹത്തില്‍ നിന്നും മടങ്ങുകയായിരുന്ന സംഘത്തിനു നേരെയാണ് ബോംബെറുണ്ടായത്
ആദ്യമെറിഞ്ഞ നാടന്‍ ബോംബ് പൊട്ടാതിരിക്കുകയും രണ്ടാമതെറിഞ്ഞ ബോബ് ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ ജിഷ്ണുവിന്റെ മുഖത്ത് പതിച്ചു പൊട്ടുകയുമായിരുന്നു. തലതകര്‍ന്നു ദാരുണമായാണ് കെട്ടിടനിര്‍മാണതൊഴില്‍ ചെയ്തു കുടുംബത്തിനായി ജീവിച്ചിരുന്ന യുവാവ് ദാരുണമായി മരിച്ചത്.
തലച്ചോറിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ തെറിച്ചുവീണു.ആരാണ് ബോംബെറിഞ്ഞതെന്ന കാര്യം ഇതുവരെ പൊലിസിന് വ്യക്തമായിട്ടില്ല. വിവാഹസംഘത്തിലുണ്ടായിരുന്ന ചിലര്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചത് പരിശോധിച്ചുവരികയാണ്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും പൊലിസ് പരിശോധിക്കുന്നുണ്ട്. കണ്ണൂര്‍സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.