Home ഗൾഫ് യുഎഇയ്ക്ക് നേരെ ഇന്ന് ഇറാൻ തൊടുത്തത് 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും; വിജയകരമായി പ്രതിരോധിച്ചതായി അധികൃതര്‍

യുഎഇയ്ക്ക് നേരെ ഇന്ന് ഇറാൻ തൊടുത്തത് 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും; വിജയകരമായി പ്രതിരോധിച്ചതായി അധികൃതര്‍

by ടാർസ്യുസ്

അബുദാബി: ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിനിടയില്‍, യുഎഇക്ക് നേരെ ഇറാൻ തൊടുത്ത 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും ഇന്ന് വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു.മാർച്ച്‌ 29 ഞായറാഴ്ചയാണ് യുഎഇ പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇറാന്റെ പ്രകോപനപരമായ ആക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ആകെ 414 ബാലിസ്റ്റിക് മിസൈലുകള്‍, 15 ക്രൂയിസ് മിസൈലുകള്‍, 1,914 ഡ്രോണുകള്‍ എന്നിവ യുഎഇ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടിട്ടുണ്ട്.ഈ ആക്രമണങ്ങളില്‍ ഇതുവരെ ആകെ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രണ്ട് സൈനികർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ചു. സൈന്യത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന സിവിലിയൻ കോണ്‍ട്രാക്ടറായ ഒരു മൊറോക്കൻ പൗരൻ കൊല്ലപ്പെട്ടു. എട്ട് സാധാരണക്കാരും മരിച്ചു. ഇതില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. പാകിസ്ഥാൻ, നേപ്പാള്‍, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവർ.

കൂടാതെ, മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചും മറ്റും 178 പേർക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.ബഹ്‌റൈനില്‍ അല്‍ബ പ്ലാന്‍റിന് നേരെ ഇറാൻ ആക്രമണംബഹ്‌റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അലുമിനിയം ബഹ്‌റൈന്റെ (Alba) ആസ്ഥാനത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ജീവനക്കാർക്ക് നിസ്സാര പരിക്കുകളാണ് ഉണ്ടായതെന്നും ഇവരുടെ സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ലോകത്തെ തന്നെ ഏറ്റവും വലിയ അലുമിനിയം ഉല്‍പ്പാദകരില്‍ ഒന്നായ അല്‍ബയുടെ പ്ലാന്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്ലാന്റിനുണ്ടായ നാശനഷ്ടങ്ങള്‍ കമ്പനി വിലയിരുത്തി വരികയാണ്. അതേസമയം മാർച്ച്‌ 28ന് ബഹ്‌റൈൻ പ്രതിരോധ സേന 20 മിസൈലുകളും 23 ഡ്രോണുകളും തകർത്തു. സംഘർഷം ആരംഭിച്ചത് മുതല്‍ ഇതുവരെ ആകെ 174 മിസൈലുകളും 385 ഡ്രോണുകളുമാണ് ബഹ്‌റൈൻ സൈന്യം വെടിവെച്ചിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group